കാറ്റും മഴയും; കെ.എസ്.ഇ.ബിക്ക് ഇരുട്ടടി
text_fieldsകൊല്ലങ്കോട്: മുതലമട, കൊല്ലങ്കോട് കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ മഴയിലും കാറ്റിലും ഒരു മാസത്തിനിടെ തകർന്നത് 44 വൈദ്യുതി തൂണുകൾ. ഇവയിൽ ഭൂരിഭാഗവും തകർന്നത് കഴിഞ്ഞ അഞ്ചുദിവസത്തിനിടെയാണ്. കാറ്റിൽ മരങ്ങൾ വീണാണ് നാശം. രാത്രി-പകൽ ഭേദമന്യേ കെ.എസ്.ഇ.ബി ജീവനക്കാർ ജോലി തുടരുന്നതിനാൽ മിക്ക പ്രദേശങ്ങളും രാത്രിയിൽ ഇരുട്ടിൽനിന്ന് ഒഴിവായി. വീഴാറായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയെങ്കിലും ഉണങ്ങിയ മരങ്ങൾ പോലും സ്വകാര്യ വ്യക്തികൾ മുറിക്കാത്തത് നാശനഷ്ടങ്ങളുടെ ആഴം വർധിപ്പിച്ചു. ബലം കുറഞ്ഞ മരങ്ങളും മറ്റും വൈദ്യുതി ലൈനിന് മുകളിലേക്ക് ചരിഞ്ഞ് നിൽക്കുന്നത് മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട ഉടമകൾ തയാറാവണമെന്നാണ് ആവശ്യം.
മരം വീണ് വീടുകൾ തകർന്നു
കോങ്ങാട്: കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. തൃപ്പലമുണ്ട കിഴക്കെകര ചന്ദ്രന്റെ വീടാണ് തകർന്നത്. കാലപ്പഴക്കം കാരണം ഈ വീട് കോങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ പുനർനിർമിച്ച് നൽകിയത് ഈയിടെയാണ്. വാകമരം കടപുഴകി വീണ് മേൽക്കൂരയുടെ പകുതിഭാഗവും ഷീറ്റു മേഞ്ഞ ശുചിമുറിയും പാടെ തകർന്നു. ഭിന്നശേഷിക്കാരനായ ചന്ദ്രൻ വീടിന് പുറത്തായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാർ മരക്കൊമ്പുകൾ വെട്ടിമാറ്റി ടാർപ്പായകൊണ്ട് മേഞ്ഞു നൽകി. കോട്ടായി: കാറ്റിലും മഴയിലും മരം കടപുഴകി കർഷകത്തൊഴിലാളി കുടുംബത്തിന്റെ വീട് തകർന്നു. കോട്ടായി പുളിനെല്ലി കാവതിയോട് രാധാകൃഷ്ണന്റെ വീടാണ് തകർന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.