കോങ്ങാട് ഫയർ സ്റ്റേഷന് രണ്ട് വയസ്സ്; അടിസ്ഥാന സൗകര്യം പേരിനുപോലുമില്ല
text_fieldsകോങ്ങാട്: അഗ്നിരക്ഷസേന യൂനിറ്റിന് രണ്ട് വയസ്സ് തികയുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പേരിന് പോലും ഇല്ല. തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയ കോങ്ങാട് ഫയർസ്റ്റേഷൻ യൂനിറ്റിനാണ് പരാധീനതകൾ ഏറെയുള്ളത്. കോങ്ങാട് പഞ്ചായത്തിന്റെ അധീനതയിലുള്ള കടമുറി കെട്ടിടത്തിലാണ് ഫയർസ്റ്റേഷൻ താൽക്കാലിക ക്രമീകരണങ്ങളോടെ 2021 ഫെബ്രുവരി 21ന് പ്രവർത്തനം ആരംഭിച്ചത്. അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് വിശ്രമിക്കാൻ സൗകര്യമുള്ള കെട്ടിടമില്ല.
നിലവിൽ മുഴുവൻ ജീവനക്കാരും ഒരു ദിവസം പൂർണമായും വിശ്രമമില്ലാതെ ഉറക്കമൊഴിച്ച് സ്റ്റേഷനിൽ തന്നെ കഴിയാൻ നിർബന്ധിതരാണ്. ഇത്തരം സാഹചര്യം ജീവനക്കാരുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്നു.
വാഹനങ്ങളുടെ പാർക്കിങ് ഏരിയയാണ് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്നത്. മാതൃക ഫയർ സ്റ്റേഷന് 37 ജീവനക്കാരാണ് ആവശ്യം. 24 ഫയർ ആൻഡ് റസ്ക്യു ഓഫിസർമാർ, നാല് ചീഫ് ഫയർ റെസ്ക്യു ഓഫിസർമാർ, ഒരു മെക്കാനിക്ക്, ഒരു സ്റ്റേഷൻ ഓഫിസർ എന്നിവരാണ് വേണ്ടത്. എന്നാൽ, കോങ്ങാട് നിലയത്തിൽ ഏഴ് ഫയർ റസ്ക്യു ഓഫിസർ, രണ്ട് ഫയർ റെസ്ക്യു ഡ്രൈവർ, രണ്ട് സീനിയർ ഫയർ റസ്ക്യു ഓഫിസർമാർ, ഒരു സ്റ്റേഷൻ ഓഫിസർ, ഒരു അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ എന്നിവരടങ്ങിയ 13 അംഗസംഘമാണുള്ളത്.
ഇവരിൽ സ്റ്റേഷന്റെ ചുമതല നിർവഹിക്കുന്നവർക്ക് അവധി എടുക്കാതെ ജോലി ചെയ്യേണ്ടി വരുന്നു. പ്രത്യേകിച്ച് ഓണം, പെരുന്നാൾ, ക്രിസ്മസ് പൊതു അവധി ദിവസങ്ങളിൽ പോലും അർഹരായ മുഴുവൻ ജീവനക്കാർക്കും അവധി കിട്ടാത്ത അവസ്ഥയുണ്ട്. ഫലത്തിൽ വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യാൻ ഇവർ നിർബന്ധിതരാണ്. സ്റ്റേഷനിലുള്ളവർക്ക് പോലും പ്രാഥമിക വിശ്രമത്തിന് സ്ഥലമില്ല.
ഒരു മൊബൈൽ ടാങ്ക് യൂനിറ്റ്, ആംബുലൻസ് എന്നിവയാണ് സ്റ്റേഷന്റെ ആകെയുള്ള രക്ഷാപ്രവർത്തന സംവിധാനങ്ങൾ. വേനൽക്കാലങ്ങളിൽ തീ അണക്കാൻ അത്യാവശ്യമായ വെള്ളം അടിയന്തര ഘട്ടങ്ങളിൽ ഒരു തവണ പോലും ശേഖരിക്കാൻ പറ്റുന്ന വിധത്തിലുള്ള ജലസംഭരണി അഗ്നിരക്ഷ നിലയത്തിലില്ല. കൂടാതെ ജലലഭ്യത കുറവ് രക്ഷപ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അഞ്ച് വർഷം മുമ്പ് കോങ്ങാട് കോട്ടപ്പടി ഗവ. മൃഗാശുപത്രി വളപ്പിനോട് ചേർന്ന് മയിലമ്മ സ്മൃതി വനത്തിലെ ഒരു ഭാഗം കോങ്ങാട് ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് സർക്കാറിന് കൈമാറിയിരുന്നു. ഈ സ്ഥലം തത്വത്തിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തത് നാല് വർഷം മുമ്പാണ്. ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ നടപടിക്രമങ്ങൾ ഇനിയും എങ്ങുമെത്തിയിട്ടില്ല. പുതിയ കെട്ടിടം സജ്ജമാവുന്നതോടെ പശ്ചാത്തല സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.