വട്ടമിട്ടുപറന്ന് അനൂപിന്റെ 'വിമാനം'
text_fieldsകോങ്ങാട്: എൻജിനീയറിങ് വിദ്യാർഥി നിർമിച്ച റിമോട്ട് കൺട്രോൾ വിമാനം നാട്ടുകാർക്ക് കൗതുകമായി. തൃപ്പലമുണ്ട നരിക്കുളം പുത്തൻവീട്ടിൽ റെയിൽവേ ജീവനക്കാരനായ ശശിധരെൻറയും പ്രസന്നയുടെയും മകനായ അനൂപ് (20) നീണ്ട കാലത്തെ അധ്വാനത്തിനൊടുവിലാണ് വിമാനം നിർമിച്ചത്.
ഫ്ലക്സ് ബോർഡും ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ചുള്ള വിമാനത്തിന് 15,000 രൂപയാണ് ചെലവുവന്നതെന്ന് അനൂപ് പറയുന്നു. പരമാവധി 800 മീറ്റർ ഉയരത്തിൽ 15 മിനിറ്റ് തുടർച്ചയായി ഇതിനെ പറപ്പിക്കാനാവും. കേരള റിമോട്ട് കൺട്രോൾ ഫ്ലയിങ് ക്ലബ് അംഗമായ അനൂപിന് രാജ്യത്തിെൻറ പ്രതിരോധ മേഖലക്കും ജനങ്ങൾക്കും ഉപകാരപ്രദമായ ഡ്രോണിന് സമാനമായ ഉപകരണങ്ങൾ നിർമിക്കാനാഗ്രഹമുണ്ട്.
സർക്കാർ ഡ്രോൺ ഫോറൻസിക് ലാബുമായി സഹകരിച്ച് ഗവേഷണം നടത്തുവാനും ഉദ്ദേശ്യമുണ്ട്. മുൻ വ്യോമസേന ഉദ്യോഗസ്ഥൻ കൂടിയായ പിതാവിെൻറ ജീവിതവഴിയോടുള്ള ഇഷ്ടമാണ് അനൂപിനെ ഈ രംഗത്ത് എത്തിച്ചത്. കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂൾ പഠനം.
ബംഗളൂരുവിലെ ഈസ്റ്റ് വെസ്റ്റ് എൻജിനീയറിങ് കോളജിലെ അവസാനവർഷ വിദ്യാർഥിയാണ് അനൂപ്. മുമ്പ് റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രോൺ, മാതൃകവിമാനം എന്നിവ നിർമിച്ചിരുന്നു. ആദ്യം നിർമിച്ചതൊന്നും ശരിയായി പ്രവർത്തിച്ചിരുന്നില്ല. മാതാപിതാക്കളുടെയും സഹോദരിയും എൻജിനീയറുമായ മീനുവിെൻറയും പ്രോത്സാഹനം യുവാവിന് പ്രചോദനം പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.