കോങ്ങാട് ബസ് സ്റ്റാൻഡ്: നവീകരണം ഏപ്രിലിനകം പൂർത്തിയാകും
text_fieldsകോങ്ങാട്: വി.കെ. സുബ്രഹ്മണ്യ സ്മാരക കോങ്ങാട് ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ നവീകരണം 2024 ഏപ്രിലിനകം പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. ബസ് സ്റ്റാൻഡിൽ നിലവിലുള്ള പോരായ്മകൾ പരിഹരിക്കുന്ന പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഡ്രൈനേജ് പുനരുദ്ധാരണ പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. ഇതോടെ സ്റ്റാൻഡിനകത്ത് കനത്ത മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥക്ക് അറുതിയാകും. കൂടാതെ ബസ് സ്റ്റാൻഡിലെ പാർക്കിങ് ഏരിയ വിപുലീകരിക്കാനും പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്.
കോങ്ങാട് വഴി പോകുന്ന ബസുകൾക്ക് നിലവിൽ പാലക്കാട് - ചെർപ്പുളശ്ശേരി പാതക്ക് അഭിമുഖമായി മാത്രമാണ് അകത്തേക്കും പുറത്തേക്കും കവാടങ്ങളുള്ളത്. ഈ സാഹചര്യം കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ട്. മൂന്ന് വർഷം മുമ്പ് തടുക്കശ്ശേരി സ്വദേശിയും മറ്റൊരു വയോധികനും കോങ്ങാട് സ്റ്റാൻഡിൽ അപകടനത്തിനിരയായി മരിച്ചിരുന്നു. ഈ പ്രശ്നത്തിൽ ഇടപെട്ട മനുഷ്യവകാശ കമീഷൻ, ബസ് സ്റ്റാൻഡിലെ അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡ് നവീകരണത്തിന് രൂപരേഖയായത്. ബസ് സ്റ്റാൻഡിന്റെ സ്റ്റേജ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് മറ്റു വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് ഏരിയ ഒരുക്കും. ഈ ഭാഗം ഭിത്തികെട്ടി വേർതിരിക്കും. അതേസമയം, ബസ് സ്റ്റാൻഡിലെ വാണിജ്യ സമുച്ചയത്തിന്റെ നവീകരണത്തിന് പ്രത്യേക പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.