കാറ്റും കോളും നിറഞ്ഞ് മുന്നണികൾ
text_fieldsകോങ്ങാട്: ഇടതിനോട് ചേർന്നുനിന്ന പാരമ്പര്യമുള്ള കോങ്ങാട് നിയമസഭ മണ്ഡലത്തിന് എക്കാലവും ചുവന്ന ചരിത്രമാണുള്ളത്. പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കോങ്ങാട് മണ്ഡലം. പഴയ ശ്രീകൃഷ്ണപുരം, പാലക്കാട് നിയമസഭ മണ്ഡലങ്ങളിൽ ഉൾപ്പെട്ടിരുന്ന ഗ്രാമപഞ്ചായത്തുകളാണ് 2008ലെ നിയമസഭ മണ്ഡലങ്ങളുടെ പുനർവിഭജനം വഴി കോങ്ങാട് മണ്ഡലത്തിൽ വിളക്കിച്ചേർത്തത്.
ന്യൂനപക്ഷങ്ങൾക്കും കുടിയേറ്റ കർഷകർക്കും അളവറ്റ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കോങ്ങാട്. നിലവിൽ പട്ടികജാതി സംവരണ മണ്ഡലമാണ്. കർഷക സമരങ്ങൾക്കും മാവോപ്രസ്ഥാന പ്രവർത്തനങ്ങൾക്കും ഖ്യാതി കേട്ട നാട് കൂടിയാണിത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ജയിപ്പിച്ച ചരിത്രമാണ് കോങ്ങാടിന് പറയാനുള്ളത്. റബ്ബർ വിലയിടിവ് ഉൾപ്പെടെ കർഷക പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
കരിമ്പ, കേരളശ്ശേരി, കാഞ്ഞിരപ്പുഴ പഞ്ചായത്തുകൾ ബി.ജെപി സ്വാധീന പഞ്ചായത്തുകളാണ്. മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ, പാലക്കാട് താലൂക്കുകളിലെ കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ, മങ്കര, പറളി ഗ്രാമപഞ്ചായത്തുകളാണ് കോങ്ങാട് നിയമസഭ മണ്ഡലത്തിന്റെ പരിധിയിലുള്ളത്. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കോങ്ങാട്, കേരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളിൽ സി.പി.എം ആഭിമുഖ്യമുള്ള ഇടതുമുന്നണിയാണ് ഭരണം കൈയാളുന്നത്.
ഇടതുമുന്നണിയെ വരിച്ച പാരമ്പര്യമുള്ള കോങ്ങാട് നിയമസഭ മണ്ഡലം ഇത്തവണയും എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്ന മണ്ഡലങ്ങളിൽ ഒന്നാണ്. രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റങ്ങളും ഇടതുവലത് മുന്നണികളിലെ പ്രാദേശിക അസ്വാരസ്യങ്ങളും ചലനം സൃഷ്ടിക്കുമെങ്കിൽ ഇത്തവണ കാറ്റ് മാറിവീശാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കാർഷിക പ്രശ്നങ്ങൾ, വന്യമൃഗശല്യം, സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പടലപിണക്കങ്ങൾ തുടങ്ങിയവ എൽ.ഡി.എഫിന് കൂടുതൽ ക്ഷീണം സൃഷ്ടിച്ചേക്കാം. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മണ്ഡലം കൂടുതൽ ചുവക്കുകയും പാർലമെന്റ് വോട്ടെടുപ്പ് മൊത്തം വോട്ട് നില യു.ഡി.എഫിന് ഒരു പണത്തൂക്കം മുന്നിലാകുകയും ചെയ്ത അനുഭവമുണ്ട്. മണ്ണൂരിൽ 16 വർഷക്കാലമായി തനിച്ചുനിന്ന സി.പി.ഐയെ കൂട്ടാൻ എൽ.ഡി.എഫ് ജില്ല നേതൃത്വത്തിന്റെ ശ്രമങ്ങൾ വിജയിച്ചുവെങ്കിലും മറ്റിടങ്ങളിൽ ഇരുപാർട്ടികളും അകന്നുതന്നെയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് കാഞ്ഞിരപ്പുഴ, കരിമ്പ, മണ്ണൂർ എന്നിവിടങ്ങളിൽ സിറ്റിങ് സീറ്റ് നഷ്ടമായി. ഇതിന് പിറകെ ഇരുപാർട്ടികളിലെയും മുറുമുറുപ്പ് കുറഞ്ഞതുമില്ല. തച്ചമ്പാറ, മണ്ണൂർ ഗ്രാമപഞ്ചായത്തുകളിൽ സി.പി.എമ്മും സി.പി.ഐയും മാനസികമായി അകന്നുതന്നെയാണ്. യു.ഡി.എഫിലെ പ്രമുഖ പാർട്ടിയായ കോൺഗ്രസിലെ പുനഃസംഘടന മണ്ണൂരിൽ അതൃപ്തിയുടെ ആഴം കൂട്ടിയിട്ടുണ്ട്. മറുഭാഗത്ത് കോങ്ങാട് നിയമസഭ മണ്ഡലത്തിൽ സി.പി.എമ്മിന്റെ ശക്തി പ്രഭാവം പതിന്മടങ്ങ് കൂടിയെന്നത് നേരാണ്. പാർട്ടിക്കകത്ത് കാര്യമായ പ്രശ്നങ്ങളില്ല. എന്നാൽ മുന്നണി സംവിധാനം അത്ര സുഖകരമല്ല. എൻ.സി.പി ശരത് പവാർ വിഭാഗത്തിനും വെൽഫെയർ പാർട്ടിക്കും നിർണായക സ്വാധീന പ്രദേശങ്ങളുണ്ട് മണ്ഡലത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.