നെല്ലാനിക്കാട് സുകുമാരൻ: കാലയവനികക്കുള്ളിൽ മറഞ്ഞത് ശിൽപകലയിലെ പ്രഗല്ഭൻ
text_fieldsകോങ്ങാട് (പാലക്കാട്): ശിൽപകലയിലെ പ്രഗല്ഭനും എഴുത്തുകാരനുമായ നെല്ലാനിക്കാട് സുകുമാരൻ മാസ്റ്റർ കാലയവനികക്കുള്ളിൽ മറയുമ്പോൾ രണ്ട് പ്രധാനപ്പെട്ട മോഹങ്ങൾ ബാക്കിയാവുകയാണ്. ഉപരിപഠനവും പൂർത്തിയാവാത്ത മഹാത്മാ ഗാന്ധിജിയുടെ പ്രതിമയുമാണത്. കോട്ടയം ജില്ലയിലെ മീനച്ചിൽ നെല്ലാനിക്കാട് 1937ലാണ് ജനനം. ഇടനാട് ശക്തി വിലാസം, പാല സെൻറ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കോളജിൽ പോയി ഉന്നത പഠനം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. സാമ്പത്തിക പരാധീനത മൂലം ആ മോഹം നടന്നില്ല. കെ.ജി.ടി അഗ്രികൾച്ചർ, ഡ്രോയിങ്, ഫിസിക്കൽ എജുക്കേഷൻ എന്നിവ പാസായി. 19ാം വയസ്സിൽ കാരാപ്പുഴ സ്കൂളിൽ അധ്യാപകനായി ചേർന്നു. 1980ൽ അകത്തേത്തറ എൻ.എസ്.എസ്.എച്ച്.എസിൽ അധ്യാപകനായി സ്ഥലംമാറ്റം കിട്ടി. 1993ൽ വിരമിച്ചു. 1960കളിൽ മലയാളരമ, മലയാള മെയിൽ, ജനകേരളം എന്നീ ആനുകാലികങ്ങളിൽ എഴുതി. കലയോടുള്ള അടുപ്പം മൂലം നാടകരചനയിലും സംവിധാനത്തിലും ശ്രദ്ധ ചെലുത്തി.
വ്യാസ കലാവേദി നാടക ട്രൂപ് ഉണ്ടാക്കി പ്രവർത്തിച്ചുവെങ്കിലും സാമ്പത്തിക നഷ്ടം കാരണം പാലക്കാട്ടേക്ക് താമസം മാറ്റി. ഈ വഴിത്തിരിവാണ് സുകുമാരൻ മാസ്റ്ററുടെ ജീവിതം ശിൽപകലയിലേക്ക് പറിച്ചുനടുന്നത്.
കോട്ടയത്ത് മന്നത്ത് പത്മനാഭെൻറയും കേരളത്തിൽ പലയിടങ്ങളിലും ശ്രീനാരായണ ഗുരു, ഇന്ദിര ഗാന്ധി, നെഹ്റു, ലെനിൻ, ചട്ടമ്പിസ്വാമി, കോട്ടായിയിലെ ചെമ്പൈ തുടങ്ങി നൂറിൽപരം ശിൽപങ്ങളും ഉദ്യാന ശിൽപങ്ങളും നിർമിച്ചു. ഈയിടെ കോങ്ങാട് ചെറായ ജി.എൽ.പി സ്കൂളിൽ തുടങ്ങിവെച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ നിർമാണം പൂർത്തിയാക്കണമെന്ന ആഗ്രഹം ബാക്കിെവച്ചാണ് ശിൽപി മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.