കോവിഡിൽ തളർന്ന കലാകാരന്മാർ ദാഹ ശമനി വിൽപനയുമായി വഴിയോരത്ത്
text_fieldsകൂറ്റനാട്: കോവിഡ് മൂലം തൊഴിൽ രഹിതരായ കലാകാരന്മാര് ദാഹ ശമനി വിൽപനയുമായി വഴിയോരത്ത്. നാടൻപാട്ട്, ബാംബൂ മ്യൂസിക് കലാകാരന്മാരായ രതീഷ് വാവന്നൂർ, സജീവ് നാഗലശ്ശേരി എന്നിവരാണ് ജീവിതത്തിന്റെ ഇരുകരകളും മുട്ടിക്കാന്‍ തെരുവ് കച്ചവടത്തിന് ഇറങ്ങിയത്.
സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്, കേരള ഫോക്ലോർ അക്കാദമിയുടെ ഫോക്ലോർ അവാർഡ്, ദലിത് സാഹിത്യ അക്കാദമി അവാർഡ്, അംബേദ്കർ പുരസ്കാരം തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളുടെ അവാർഡുകൾ രതീഷിന് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രഥമ ബാംബൂ മ്യൂസിക്ക് ബാൻഡിലെ കലാകാരനാണ് സജീവ്. കോവിഡ് മൂലം വരുമാനം ഇല്ലാതെയായപ്പോൾ വിവിധ തൊഴിൽ മേഖലകൾ തേടിയിരിക്കുകയാണ് ഇവരെ കൂടാതെ ഒട്ടനവധി കലാകാരന്മാർ.
പട്ടാമ്പി-കൂറ്റനാട് പ്രധാന പാതയോരത്ത് വാവന്നൂർ സ്കൂളിന് സമീപത്തായാണ് കുടുക്ക പാനീയങ്ങളുമായി ഈ കലാകാരന്മാരുടെ കച്ചവടം. കുടുക്ക സംഭാരമാണ് പ്രധാന പാനീയം. കുടുക്ക സർബത്ത്, കുടുക്ക സോഡ, മസാല സോഡ, വിവിധ തരം ഉപ്പിലിട്ടവ എന്നിവയാണ് തയാറാക്കിയിരിക്കുന്നത്. വീട്ടിൽതന്നെ ഉറയൊഴിച്ച് തയാറാക്കുന്ന മോര്, മസാലക്കൂട്ട് എന്നിവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.