പെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിക്കൽ: ലഹരി മാഫിയക്ക് നേരെ കണ്ണടച്ച് അധികൃതർ
text_fieldsകൂറ്റനാട് (പാലക്കാട്): കറുകപുത്തൂര്‍ പ്രദേശത്ത് ലഹരിമാഫിയ വിലസുന്നതായി നാട്ടുകാര്‍. കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തോടെയാണ് കൂടുതൽ വെളിപ്പെടുത്തലുകളുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രതികളും അവര്‍ക്ക് ബന്ധമുള്ള പട്ടാമ്പി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘവും ഇവിടെ ഇടപാടുകാരാണത്രെ. വര്‍ഷങ്ങളായി തുടരുന്ന ഈ പ്രവണതക്കെതിരെ നാട്ടുകാരില്‍ ചിലര്‍ രംഗത്തെത്തിയെങ്കിലും സംഘത്തിെൻറ ഭീഷണിമൂലം പലരും പിൻവലിഞ്ഞു.
വെള്ളാടികന്നിൽ ഉത്സവസ്ഥലത്തുണ്ടായ സംഘര്‍ഷവുമായി മുൻ പട്ടാമ്പി സി.ഐ കെ.എ ദേവസ്യയുടെ നേതൃത്വത്തില്‍ മാഫിയസംഘത്തെ വിരട്ടിയോടിച്ചപ്പോൾ ഒരാള്‍ കിണറ്റില്‍ വീണ് കാലിന് പരിക്കേറ്റ സംഭവമുണ്ടായിരുന്നു. നിരവധി യുവാക്കളാണ് ലഹരിക്കടിമപ്പെട്ട് ചികിത്സതേടിയത്. പൊലീസിെൻറ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഇല്ലാതിരുന്നതാണ് മാഫിയക്ക് വളമായത്.
മൂന്നുപേർ അറസ്റ്റിൽ
തിരുമിറ്റക്കോട് കറുകപുത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഒന്നാംപ്രതി കറുകപുത്തൂർ ചാഴിയാട്ടിരി കൊച്ചുപറമ്പിൽ വീട്ടിൽ മുഹമ്മദ് എന്ന ഉണ്ണി (51), മേഴത്തൂർ സ്വദേശി പുല്ലാണിപറമ്പ് അഭിലാഷ് (25), ചാത്തന്നൂർ സ്വദേശി നൗഫല്‍ (35) എന്നിവരാണ് പിടിയിലായത്. അഭിലാഷിനെതിരെ ബലാത്സംഗത്തിനും മറ്റ് രണ്ട് പ്രതികൾക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. മുഹമ്മദ് എന്ന ഉണ്ണി നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരമായി പീഡിപ്പിച്ചത്.
സുഹൃത്തുക്കളായ അഭിലാഷും നൗഫലും പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കി നിരവധി തവണ പീഡിപ്പിച്ചു. സംഭവത്തിൽ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായാണ് വിവരം. സംഭവത്തിൽ ലഹരി മാഫിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതാണ് പെൺകുട്ടിയുടെ മൊഴിയെന്നതിനാൽ ഈ വഴിയുള്ള അന്വേഷണവും നടത്തുന്നുണ്ട്. സംഘത്തിെൻറ വലയില്‍ കൂടുതല്‍ പെണ്കുട്ടികള്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.
മാരകശേഷിയുള്ള സിന്തറ്റിക്ക് ലഹരിമരുന്നടക്കം നൽകിയാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. വൈദ്യപരിശോധനക്കുശേഷം പെണ്‍കുട്ടിയെ പട്ടാമ്പി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. തെൻറ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ ലഹരിമാഫിയയുടെ പിടിയിലാണെന്നും അബോധാവസ്ഥയിലാക്കി പീഡനത്തിനിരയാക്കുന്നതാണ് പ്രതികളുടെ പതിവെന്നും പെൺകുട്ടി വെളിപ്പെടുത്തി.
വീട്ടിൽ ഒളികാമറ സ്ഥാപിച്ചിട്ടുണ്ടെന്നും നഗ്നചിത്രങ്ങളുണ്ടെന്നും പറഞ്ഞ് പെണ്‍കുട്ടിയെ പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തി. സ്കൂളിലെത്തി ഭീഷണി തുടർന്നതോടെ പെൺകുട്ടിക്ക് പ്ലസ് ടു പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. തുടർച്ചയായ ലഹരി ഉപയോഗത്തെ തുടർന്ന് മാനസികനില താളംതെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഷൊർണൂർ ഡിവൈ.എസ്.പി എന്‍. സുരേഷിെൻറ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് കേസന്വേഷിക്കുന്നത്. സി.ഐ കെ.സി. വിനുവിെൻറ നേതൃത്വത്തിൽ എ.എസ്.ഐ ഡേവിഡ്, എസ്.സി.പി.ഒമാരായ ശ്രീകുമാർ, പട്ടാമ്പി സ്റ്റേഷനിലെ അബ്ദുൽ റഷീദ്, സി.പി.ഒ രാജീവ് എന്നിവർ ചേർന്ന് ഒറ്റപ്പാലത്തുനിന്ന് ഒന്നാംപ്രതി മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്.
പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കും –സ്പീക്കര്‍
കറുകപുത്തൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സ്പീക്കർ എം.ബി. രാജേഷ്. ജൂലൈ ഒന്നിനാണ് സംഭവം പ്രദേശത്തെ ചില പൊതുപ്രവർത്തകർ ഫോണിൽ വിളിച്ചറിയിച്ചത്. നേരിട്ട് കാണാൻ അവരോടു നിർദേശിച്ചു. തുടർന്ന് ജൂലൈ മൂന്നിന് പെൺകുട്ടിയുടെ ബന്ധുവും ചില പൊതുപ്രവർത്തകരും നേരിൽവന്ന് കണ്ട് സംസാരിച്ചു.
പ്രശ്നത്തിെൻറ ഗൗരവവും വ്യാപ്തിയും ബോധ്യപ്പെടുകയും ഉടൻ തന്നെ പരാതി തയാറാക്കി നൽകാൻ നിർദേശിക്കുകയും ചെയ്തു. ഇതിനായി അഭിഭാഷകെൻറ സഹായവും ലഭ്യമാക്കി. സ്പീക്കർക്ക് ലഭിച്ച പരാതി അന്നേദിവസം തന്നെ മുഖ്യമന്ത്രിക്ക് അയച്ചു. ബന്ധുക്കൾ നേരിട്ടും മുഖ്യമന്ത്രിക്ക് പരാതി അയച്ചു. സംഭവവുമായി ബന്ധപ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും പെൺകുട്ടിക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകുമെന്നും സ്പീക്കർ പറഞ്ഞു.
'നടപടി വേണം'
പാലക്കാട്: പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ല കമ്മിറ്റി. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.
ലഹരി മാഫിയയോട് അധികാരികൾ സ്വീകരിക്കുന്ന മൃദുസമീപനങ്ങളാണ് ഇത്തരം സംഭവങ്ങൾ പെരുകാൻ കാരണമെന്നും യോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് ഹാജറ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആസിയ റസാഖ്, സെക്രട്ടറി സഫിയ ഇക്ബാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.