യൂറോ കപ്പും 'ഓൺലൈനിൽ'; തെരുവുകളിലുണ്ടാവില്ല ആരവം
text_fieldsകൂറ്റനാട്: യൂറോപ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ കായിക പ്രേമികൾക്ക് ആവശ്യമായ കൊടിതോരണങ്ങളുടെ കച്ചവടം ഇത്തവണ നഷ്ടമായ വേദനയിൽ വ്യാപാരികൾ. ലോക കപ്പ്, യൂറോ കപ്പ് എന്നീ ഫുട്ബാൾ ചാമ്പ്യൻഷിപ്പുകളിലാണ് ആരാധകർ അവരുടെ ഇഷ്ടപ്പെട്ട ടീമുകളുടെ കൊടി, തോരണം, തൊപ്പി, സ്റ്റിക്കർ, റിബൺ, ഫോട്ടോ തുടങ്ങി വിവിധ തരം ഫുട്ബാൾ ക്ലബുകളുടേയും താരങ്ങളുടെയും ആകർഷകമായ സാധനങ്ങൾ വിൽപന നടക്കുക.
ആരാധകർ അധികമുള്ള ജർമനി, ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ ടീമുകളും അടുത്തയാഴ്ച കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ അർജൻറീന, ബ്രസീൽ തുടങ്ങിയ ടീമുകളുമാണ് ഒരു മാസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ കളിക്കുന്നത്. ഗ്രാമങ്ങളിൽ സ്കൂൾ പരിസരങ്ങളിലും മറ്റുമാണ് ഇത്തരം ഫുട്ബാൾ അലങ്കാരങ്ങൾ കൂടുതൽ വിൽപന നടക്കുക. സ്കൂളുകളിൽ വിദ്യാർഥികൾ മത്സരിച്ചാണ് സൈക്കിളിലും മറ്റും കൊടി തോരണം കെട്ടി ടീമുകളോട് ഇഷ്ടം പ്രകടിപ്പിക്കുക.
നാലു വർഷത്തിനു ശേഷം നടക്കുന്ന ഫുട്ബാൾ മാമാങ്കവും ടി.വിയിൽ കൂട്ടുകാരൊന്നിച്ച് കാണാൻ കഴിയാത്ത സാഹചര്യം നാട്ടിൻപുറങ്ങളിലെ കായിക പ്രേമികൾക്ക് വേദനയാണ്. കോവിഡ് മാറി 2022 ഡിസംബറിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ ആഘോഷമാക്കാനാണ് കായിക പ്രേമികളുടെ കാത്തിരിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.