കരുതൽ തേടി ആദ്യ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം
text_fieldsകൂറ്റനാട്: നാടിനു സമര്‍പ്പിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം സംരക്ഷണമില്ലാതെ നശിക്കുന്നു. ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ളതും സംസ്ഥാനത്തെ ആദ്യത്തേതെന്ന് അവകാശപ്പെടുന്നതുമായ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കരുതൽ തേടുന്നത്.
പഴയകാല കോൺക്രീറ്റ് നിർമിത കേന്ദ്രം തകർന്നതിനെ തുടർന്നാണ് 2015-16ൽ വി.ടി. ബല്‍റാം എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് സ്മൈൽ തൃത്താല പദ്ധതിയുടെ ഭാഗമായി ഹൈടെക് കേന്ദ്രം ടൂറിസം മന്ത്രി നാടിന് നൽകിയത്.
ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം തികയുന്നതിന് മുമ്പ് എഫ്.എം റേഡിയോ, വൈ-ഫൈ, സോളാർ വൈദ്യുതി ഉപയോഗിച്ചുള്ള ലൈറ്റ് എന്നിവ തകരാറിലായി. 2019 ജൂൺ 20ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിെൻറ നെയിംബോർഡ് വീണ് തകർന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കേന്ദ്രത്തിലെ ഇരിപ്പിടവും മേൽക്കൂരയുടെ സീലിങ്ങും തകർന്ന നിലയിലാണ്. പുസ്തകശാലയും പ്രവർത്തിക്കുന്നില്ല. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, എൽ.പി സ്കൂളുകളിലായി മൂവായിരത്തോളം വിദ്യാർഥികൾക്കും സമീപത്തെ വിപണിയിൽ എത്തുന്നവർക്കും ആശ്രയമാണ് കാത്തിരിപ്പ് കേന്ദ്രം. ചാലിശ്ശേരി ഗ്രാമപഞ്ചായത്തിനാണ് കേന്ദ്രത്തിെൻറ പരിപാലന ചുമതല.
ഒന്നരവർഷത്തിനുശേഷം നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ അധികൃതർ അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രത്തിെൻറ സുരക്ഷ ഉറപ്പാക്കി ശോച്യാവസ്ഥ പരിഹരിച്ച് ഇ-ടോയ്ലറ്റ് ഉൾപ്പെടെ പുനർനിർമാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.