കുഞ്ഞിലക്ഷ്മിയമ്മക്ക് വീടൊരുങ്ങി; മനംനിറഞ്ഞ് നാട്
text_fieldsകൂറ്റനാട്: വീട് തകർന്നതോടെ കുളിമുറിയിൽ കഴിഞ്ഞ 90കാരി കുഞ്ഞിലക്ഷ്മി അമ്മക്ക് ആഗ്രഹ സഫലീകരണം. ഇൗ ഒാണം തിരുമിറ്റക്കോട് സ്വദേശിനിയായ ഇവരുടെ വീടെന്ന സ്വപ്നത്തിനുകൂടി ചിറകുനൽകിയാണ് കടന്നുപോയത്. ഒരുകൂട്ടം മനുഷ്യസ്നേഹികള്‍ കൈകോർത്തപ്പോൾ യാഥാർഥ്യമായ വീട്ടിലേക്ക് തിരുവോണനാളിൽ താമസം മാറി. നിവർന്ന് കിടക്കാൻ പോലുമാവാത്ത കുളിമുറിയിലെ കുഞ്ഞിലക്ഷ്മി അമ്മയുടെ ജീവിതം 'മാധ്യമം' വാർത്തയാക്കിയിരുന്നു. മക്കളും ബന്ധുക്കളും കൈയൊഴിഞ്ഞതോടെ ഗുരുവായൂരടക്കമുള്ള സ്ഥലങ്ങളിലാണ് കഴിഞ്ഞിരുന്നത്. വർഷങ്ങളോളം ഗുരുവായൂർ ക്ഷേത്രപരിസരത്ത് അന്നദാന മണ്ഡപത്തിൽ ചെറിയ പണികൾ ചെയ്ത് മിച്ചം െവച്ച തുകകൊണ്ട് കുഞ്ഞിലക്ഷ്മിയമ്മ തന്നെ ഒരു ഒറ്റമുറി വീടിനുള്ള തറയെടുത്തിരുന്നു.
നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ ഭിത്തി കെട്ടാനും മേൽക്കൂര മേയാനുമൊക്കെ ശ്രമിച്ചെങ്കിലും പ്രളയത്തില്‍ നിലംപൊത്തി. തുടർന്ന് വീടിനോട് ചേര്‍ന്നുള്ള തകര്‍ച്ചയിലായ കുളിമുറിയിലേക്ക് താമസം മാറ്റി. ഇവരുടെ ദുരിതം അറിഞ്ഞ് കെ.എസ്.യു പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. നിയോജക മണ്ഡലം പ്രസിഡൻറ് റംഷാദിെൻറ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരിൽ ചിലരും സഹായവുമായി എത്തി. ചിലർ വീടുപണിക്കുപയോഗിക്കാവുന്ന സാധനങ്ങളും നൽകി. വാട്സ്ആപ് ഗ്രൂപ്പിലൂടെ പ്രവൃത്തികൾ ഏകോപിപ്പിച്ച് വിദ്യാർഥികൾ വീട് പൂർത്തീകരിക്കുകയായിരുന്നു. ഒരു മുറിയും തിണ്ണയും അടുക്കളയും ശുചിമുറിയുമുള്ള കൊച്ചുവീടിെൻറ താക്കോൽ മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം കുഞ്ഞിലക്ഷ്മിയമ്മക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.