ജന്മദിനം ഓടിയാഘോഷിച്ച് മണിയും രാഗേഷും
text_fieldsകൂറ്റനാട്: കേക്കുമുറിച്ചും സദ്യയുണ്ടും പിറന്നാള്‍ ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ വ്യത്യസ്തരാണ് മണിയും രാഗേഷും. 50ന്‍റെ നിറവിൽ 51 കിലോമീറ്റർ ഓടിയാണ് മണി തന്‍റെ പ്രായം സമൂഹത്തെ അറിയിച്ചതെങ്കില്‍ 29ന്‍റെ നിറവിലെത്തിയ രാഗേഷ് താണ്ടിയത് അത്രയും കിലോമീറ്റർ ദൂരം. ഈവനിങ് സ്പോർട്സ് ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞ, വെറ്ററൻസ് ക്ലബിനുവേണ്ടി ബൂട്ടണിയുന്ന മണി എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ പ്രശസ്ത സംഘടനകളാൽ നടത്തപ്പെടുന്ന ഒട്ടേറെ മാരത്തൺ മത്സരങ്ങളിൽ പങ്കെടുത്ത് ഏറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പെരിങ്ങോട് ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടങ്ങിയ ഓട്ടം കൂറ്റനാട്, പടിഞ്ഞാറങ്ങാടി, കുമരനെല്ലൂർ, നീലിയാട്, കുമ്പിടി, കൂടല്ലൂർ, വെള്ളിയാങ്കല്ല്, കൊടിക്കുന്ന്, തൃത്താല, കൂറ്റനാട്, ചാലിശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലൂടെ പെരിങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ എത്തുമ്പോൾ 51 കിലോമീറ്ററിന് 200 മീറ്ററിന്‍റെ കുറവ്. തന്‍റെ കാൽപ്പന്ത് കളികൾക്കും മാരത്തൺ മത്സരങ്ങൾക്കും പിന്തുണ നൽകിയ പെരിങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ ഒരു ചുറ്റ് ഓടിയതടക്കം അഞ്ചുമണിക്കൂർ 56 മിനിറ്റിൽ 51 കിലോമീറ്റർ ഉറപ്പിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫിസറായ എം.പി. മണി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിന്‍റെ ചുമതലക്കാരന്‍ കൂടിയാണ്. ഓട്ടപ്പരിശീലനം നടത്തുന്ന റണ്ണേഴ്സ് പെരിങ്ങോടിന്‍റെ തന്നെ ഭാഗമായ രാഗേഷ് കറ്റശ്ശേരി മൂന്നുമണിക്കൂർ 21 മിനിറ്റിൽ 29 കിലോമീറ്റർ ഓടി റണ്ണേഴ്സ് പെരിങ്ങോടിന്‍റെ അമരക്കാരനായ മണിയ്ക്കൊപ്പം ചേരുകയായിരുന്നു.
റണ്ണേഴ്സ് പെരിങ്ങോടിന്‍റെ പ്രവർത്തകരും ഈവനിങ് സ്പോർട്സ് വെറ്ററൻസ് താരങ്ങളും പ്രഭാത സമയ കളിക്കാരും ചേർന്ന് മണിക്കും രാഗേഷിനും ഗ്രൗണ്ടിൽ ഊഷ്മള വരവേൽപ്പൊരുക്കി. രണ്ടുപേർക്കും റണ്ണേഴ്സ് പെരിങ്ങോടിന്‍റെ സ്നേഹോപഹാരം കൈമാറി. തൃത്താല എം.എൽ.എയും നിയമസഭ സ്പീക്കറുമായ എം.ബി. രാജേഷ് ഇരുവര്‍ക്കും ടെലിഫോണിലൂടെ പിറന്നാൾ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.