എന്തേ തുമ്പീ തുള്ളാത്തൂ...
text_fieldsകൂറ്റനാട്: ഓണാഘോഷ ഭാഗമായുണ്ടായിരുന്ന വിവിധ ഓണക്കളികൾ നാടിന്റെയും ഗ്രാമീണരുടെയും ഒരുമയുടെ നേര്‍കാഴ്ചകളായിരുന്നു. ഇക്കൂട്ടത്തിൽ ഏറെ പ്രചാരത്തിലുള്ള കളിയായിരുന്നു തുമ്പിതുള്ളല്‍. പെണ്‍കുട്ടികളാണ് തുമ്പി തുള്ളുക. തുമ്പച്ചെടിയുടെ കുടമോ മരത്തൂപ്പോ നടുക്കിരിക്കുന്ന പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടാകും. ചുറ്റും ഇരിക്കുന്നവര്‍ പാട്ടു പാടുകയും ആര്‍പ്പും കുരവയുമായി പെണ്‍കുട്ടിയെ തുമ്പി തുള്ളിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പാട്ടിന്റെ വേഗത കൂടുന്നതിനനുസരിച്ച് പെണ്‍കുട്ടി തുള്ളാന്‍ തുടങ്ങുന്നു. പാട്ടും താളവും അതിവേഗത്തിലാകുന്നതോടെ തുമ്പിയായ പെണ്‍കുട്ടി മോഹാലസ്യപ്പെട്ട് വീഴും. തുമ്പി തുള്ളല്‍ ഇന്ന് ഓണാഘോഷങ്ങളുടെ ഭാഗം മാത്രമായി ഒതുങ്ങിക്കഴിഞ്ഞു.
ഓണാഘോഷങ്ങളില്‍ വ്യാപകമായ ഇനമാണ് വടംവലി. എട്ട് അംഗങ്ങളുള്ള രണ്ട് ടീമുകളാണ് സാധാരണയായി പങ്കെടുക്കുക. ഓണക്കാലത്ത് സ്ത്രീകളുടെ കൂട്ടായ്മയിൽ നാടെങ്ങും തിരുവാതിരക്കളി അവതരിപ്പിക്കുന്നു. പാട്ടു പാടി കൈകൊട്ടി കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും നിന്നാണ് കളി.
അന്യംനിന്നു പോകുന്ന ഓണക്കളികളിലൊന്നാണ് കിളിത്തട്ടു കളി. തട്ടുകളിയെന്നും പേരുണ്ട്. അഞ്ചു പേര് അടങ്ങുന്ന രണ്ട് സംഘമായാണ് കളിക്കുക. ചിലയിടങ്ങളില്‍ ഉപ്പ് കളിയെന്നും ഇത് അറിയപ്പെടുന്നു.
ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന നാടന്‍ കായിക വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി. തലമപ്പന്തെന്നും ഓണപ്പന്തെന്നും അറിയപ്പെടുന്നുണ്ട്. ഓണക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ വീട്ടുമുറ്റങ്ങളിലും മൈതാനങ്ങളിലുമൊക്കെ തലപ്പന്തുകളി കളിക്കാറുണ്ട്. കളിക്കാര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ്, ഒരു കൂട്ടര് കളിക്കുകയും മറ്റേ കൂട്ടര് കാക്കുകയും ചെയ്യുന്നതാണ് തലപ്പന്തുകളിയുടെ രീതി. ഒരു ടീമില്‍ ഏഴ് പേരാണ് കണക്ക്. മത്സരം മണിക്കൂറുകള്‍ നീളാറുണ്ട്. ആട്ടകളമാണ് മറ്റൊരു കളി. വട്ടത്തില്‍ കളംവരച്ച് അതില്‍ ഒരു ടീം നില്ക്കും. എതിര് വിഭാഗം ഇവരെ കളത്തില്‍ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്തെത്തിക്കുമ്പോള്‍ വിജയികളാവും. കബഡിയും ഗ്രാമങ്ങളിൽ ഓണക്കാലത്ത് വ്യാപകമായിരുന്നു. ഇത്തരം കളികളൊക്കെ മാനസികവും ശാരീരിവുമായ ഉന്മേഷത്തിന്റെയും ഐക്യത്തിന്റെയും കളികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.