പൊലീസും സുമനസ്സുകളും കൈകോര്‍ത്തു; ലക്ഷ്മിക്ക് ബന്ധുക്കളായി
text_fieldsകൂറ്റനാട്: വേർപെടലിന്‍റെ നൊമ്പരം ഉള്ളിലൊതുക്കി കഴിയുമ്പോഴും ലക്ഷ്മിയുടെ മനസ്സ് കൊതിച്ചിരുന്നത് മക്കളുടെ സ്നേഹവും തലോടലുമായിരുന്നു. എന്നാല്‍, പ്രായാധിക്യവും പ്രാരബ്ധവും കൂടിച്ചേര്‍ന്നതോടെ മാതാവിനെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. എന്നാല്‍, ജനമൈത്രി പൊലീസിന്‍റേയും സുമനസ്സുകളുടെയും ഇടപെടൽ കാരണം ലക്ഷ്മിയെ കാണാൻ ബന്ധുക്കൾക്ക് എത്തേണ്ടിവന്നു. ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയിലെ ആറങ്ങോട്ടുകര സ്വദേശിനിയായ ലക്ഷ്മി (56) മാസങ്ങൾക്കു മുമ്പ് വീടുവിട്ടിറങ്ങി.
ഒറ്റപ്പാലത്തെത്തി ആക്രി സാധനങ്ങൾ പെറുക്കി വിൽപന നടത്തിയാണ് ജീവിതം തള്ളിനീക്കിയിരുന്നത്. അതിനിടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വീണ് പരിക്കേറ്റ ലക്ഷ്മിയെ നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇടതുകാലിലെ മുറിവ് പഴുപ്പ് കയറി പാദം മുറിച്ചുമാറ്റേണ്ടിവന്നു. തൃശൂരിൽനിന്ന് ഓപറേഷൻ കഴിഞ്ഞ് വീണ്ടും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പാദം മുറിച്ചുമാറ്റിയതോടെ സ്വന്തമായി ഒന്നും ചെയ്യാനാവില്ല. ആറങ്ങോട്ടുകരയിലുള്ള ബന്ധുക്കളെ കണ്ടെത്തുന്നതിന് ഒരുവിധ അടയാളങ്ങളും ലക്ഷ്മിയുടെ ഓർമയിലില്ല. ഓർമപ്പിശകും താളംതെറ്റിയ മനസ്സും ലക്ഷ്മിയെ എങ്ങനെയോ ഒറ്റപ്പാലത്ത് എത്തിക്കുകയായിരുന്നു.
താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള ലക്ഷ്മിയെ പരിചരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയായി. ഭക്ഷണവും വസ്ത്രവും ചായയും സുമനസ്സുകള്‍ എത്തിച്ചു നൽകിയെങ്കിലും പ്രാഥമിക കാര്യങ്ങൾപോലും സ്വന്തമായി ചെയ്യാൻ ലക്ഷ്മി വിഷമിക്കുകയാണ്. സാധാരണ വീടുവിട്ടിറങ്ങുന്ന സ്വഭാവം ലക്ഷ്മിക്കുണ്ട്. പിന്നീട് തിരിച്ചെത്തുകയാണ് പതിവ്. എന്നാൽ, എവിടെയോ വെച്ച് കൂട്ടംതെറ്റിയ ലക്ഷ്മിക്ക് പിന്നീട് തിരിച്ചുപോകാനായില്ല. ആറങ്ങോട്ടുകരയിലുള്ള ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെ ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. 'ലക്ഷ്മിക്ക് ബന്ധുക്കളെ കാണണം' എന്ന വാട്സ്ആപ് കുറിപ്പ് വായിച്ചറിഞ്ഞ ഷൊർണൂർ സ്റ്റേഷനിലെ സി.പി.ഒ കമലം ചാലിശ്ശേരി ജനമൈത്രി പൊലീസ് ശ്രീകുമാറിന് വിവരം കൈമാറി.
ശ്രീകുമാർ നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന വിവരം അറിഞ്ഞ ബന്ധുക്കള്‍ ആദ്യം വിസമ്മതിച്ചങ്കിലും നിയമത്തിന്‍റെ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയതോടെ മകൻ ആശുപത്രിയിൽ എത്തി. അമ്മയെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമെന്ന് പൊലീസിന് ഉറപ്പും നൽകി. മാസങ്ങളായി ആശുപത്രിയിൽ തനിച്ചായ ലക്ഷ്മി മകന്‍റെ കൈപിടിച്ച് ആശുപത്രിയുടെ പടികളിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.