ശ്രീകാന്തിന്റെ ആത്മവീര്യത്തിൽ രണ്ടുപേരുടെ ജീവിതം തിരികെപിടിച്ചു
text_fieldsകൂറ്റനാട്: കാലവര്‍ഷക്കലിയില്‍ ജലപ്രവാഹത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തി ഒടുവില്‍ മരണത്തിന്റെ നൂലിഴയില്നിന്നും ജീവിതം തിരികെ എത്തിച്ച് വിദ്യാർഥി. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒഴുവത്ര വടക്കത്ത് വീട്ടിൽ കൃഷ്ണകുമാറിന്റെ മകൻ ശ്രീകാന്ത് (14) ആണ് സ്വന്തം അമ്മ രമ്യയെയും അമ്മാവന്റെ മകൾ സന്ധ്യയെയും സ്വജീവന്‍ പണയം വച്ച് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
തിരുമിറ്റക്കോട് പ്രദേശത്തെ കുളത്തിലാണ് രണ്ടുപേരും മുങ്ങിത്താഴ്ന്നത്. വീടിനടുത്തുള്ള നിറഞ്ഞുകവിഞ്ഞു കിടക്കുന്ന കുളം കാണാൻ രമ്യയും സന്ധ്യയുമടക്കം കുടുംബത്തിലെ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും പോകുകയായിരുന്നു.
കുളത്തിന്റെ ഒരുഭാഗത്ത് വെള്ളം വന്നുചാടുകയും മറുഭാഗത്തു കൂടി ഒലിച്ചുപോകുകയും ചെയ്യുന്നുണ്ട്. കൗതുകം തോന്നിയ സന്ധ്യ ആദ്യം കുളത്തിലിറങ്ങി. അൽപദൂരം നീന്തി വെള്ളത്തിൽ ഒഴുക്കുള്ള ഭാഗത്തെത്തി. അവിടെനിന്നു തിരിച്ചുനീന്താൻ ശ്രമിച്ചപ്പോഴേക്കും കൈകാലുകൾ കുഴഞ്ഞു. ഇതുകണ്ട രമ്യ രക്ഷിക്കാനായി നീന്തി അടുത്തെത്തിയെങ്കിലും ഇരുവരും മുങ്ങിത്താഴ്ന്ന്കൊണ്ടിരുന്നു. കരയിലുണ്ടായിരുന്നവർക്കാണെങ്കിൽ നീന്തൽ അറിയില്ലായിരുന്നു.
രണ്ടുപേരും മുങ്ങാൻ തുടങ്ങിയതോടെ അതിലൂടെ പോവുകയായിരുന്ന ശ്രീകാന്തിനെ വിളിക്കുകയും ഓടിയെത്തിയ ശ്രീകാന്ത് കുളത്തിലേക്ക് എടുത്തുചാടി ആദ്യം സന്ധ്യയെ രക്ഷിക്കാനായി അവരുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ച് കരക്കെത്തിച്ച് അവിടെ ഉണ്ടായിരുന്നവരെ ഏൽപ്പിച്ചു.
മനോധൈര്യം കൈവിടാതെ വീണ്ടും കുളത്തിലേക്ക്. നീന്തി കുറച്ചകലെ മുങ്ങിത്താഴുകയായിരുന്ന അമ്മയെ അവരുടെ കാലിൽ പിടിച്ചശേഷം വലിച്ച് കരക്കെത്തിക്കുകയായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിൽ ശ്രീകാന്തിന്റെ സമയോചിതമായ ഇടപെടലാണ് ഇരുവരുടെയും ജീവൻ രക്ഷിച്ചത്.
ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണു ശ്രീകാന്ത്. സഹോദരൻ: ശ്രീരാഗ്.
പിതാവ് കൃഷ്ണകുമാർ വിദേശത്താണ്. ശ്രീകാന്തിന്റെ ധീരതയെ അഭിനന്ദിച്ച് നാട്ടുകാരും വിവിധ സംഘടനകളും രംഗത്തെത്തി. സംഭവമുണ്ടായ കുളത്തിൽ ഇതിനുമുമ്പ് മുങ്ങി മരണങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.