മൂന്ന് മാസമായിട്ടും നെല്ലുവില ലഭിച്ചില്ല; നിരാഹാര സമരവുമായി കർഷകർ
text_fieldsകൂറ്റനാട്: മൂന്നുമാസം കഴിഞ്ഞിട്ടും നെല്ലുവില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകരുടെ നിരാഹാര സമരം. ചാലിശ്ശേരി കൃഷിഭവന് കീഴിലെ വിവിധ പാടശേഖരങ്ങളിലെ മുണ്ടകൻ കൃഷിക്ക് ശേഷം സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നിരവധി കർഷകർക്ക് ഇനിയും ലഭിക്കാനുണ്ട്.
ആഭരണങ്ങൾ പണയംവെച്ചും ബാങ്ക് വായ്പ എടുത്തുമാണ് പലരും കൃഷി നടത്തുന്നത്. കൊയ്ത്ത് കഴിഞ്ഞ് നെല്ലിന്റെ പണം ലഭിച്ചാലാണ് പാട്ടസ്ഥലത്തിന്റെയും കൃഷി യന്ത്രങ്ങളുടെയും വാടകയും വളം, കീടനാശിനി തുടങ്ങിയവയുടെ പണവും കൊടുത്തുതീർക്കുക. എട്ട് പാടശേഖരങ്ങളിലെ എണ്ണൂറിലധികം കർഷകരിൽനിന്ന് 1,600 ടണ്ണിലധികം നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. ഇതിന്റെ പണം എപ്പോൾ കിട്ടുമെന്ന കർഷകരുടെ ചോദ്യത്തിന് അടുത്തുതന്നെ കിട്ടുമെന്ന മറുപടി മാത്രമാണുള്ളത്. ഈമാസം 19 മുതൽ പണം ലഭിക്കുമെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിട്ടുണ്ടെങ്കിലും പലതവണയായി ഇത്തരം അറിയിപ്പുകളല്ലാതെ പണം ലഭിക്കുന്നില്ലെന്ന് കർഷകരായ സതീഷ്കുമാർ, രമേശ്, ജലീൽ, കുട്ടൻ, സുഭാഷ്, സാഹിറ, സുലൈമാൻ എന്നിവർ പറഞ്ഞു.
ഈ ആഴ്ച പണം ലഭിച്ചിലെങ്കിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. കർഷകർക്ക് രണ്ടാംവിളയുടെ തുക ലഭിക്കാൻ കാലതാമസം വന്നതുവഴി 200ഓളം ഏക്കർ ഒന്നാം വിളകൃഷി പഞ്ചായത്ത് പരിധിയിൽ നഷ്ടപ്പെടുകയാണ്.
നിരാഹാരം ഇരിക്കുന്ന യുവകർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുനിൽകുമാർ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.