കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
text_fieldsകൂറ്റനാട്: വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന ഉത്തരവ് തൃത്താല ബ്ലോക്കിൽ നടപ്പാക്കി. പാലക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫിസറുടെ ഉത്തരവു പ്രകാരം തൃത്താല പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടി. കൃഷിസ്ഥലത്തിറങ്ങിയ കാട്ടുപന്നിയെ ഹംസ കൂറ്റനാടാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെടിവെച്ചു കൊന്നത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ടി.എസ്. ഷാജി, എം. സച്ചിദാനന്ദൻ, ബൈജു, പ്രമോദ് എന്നിവർ നേതൃത്വം നൽകി. തൃത്താലയിൽ നാഗലശ്ശേരി, തിരുമിറ്റക്കോട്, കപ്പൂർ, ആനക്കര, പട്ടിത്തറ, ചാലിശ്ശേരി തുടങ്ങിയ പഞ്ചായത്തിലെല്ലാം പന്നികൾ വിളവ് നശിപ്പിക്കുന്നതു കാരണം കർഷകർ വലിയ ദുരിതത്തിലാണ്.
കൂടൊരുക്കി വനംവകുപ്പ്
മങ്കര: കാട്ടുപന്നി ശല്യം അതിരുവിട്ടതോടെ നെൽവയലിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ്. മണ്ണൂർ അഞ്ചുമൂർത്തി പാടശേഖരത്തിലെ വെള്ള റോഡ് കൊന്നയത്ത് കെ.സി. മോഹന കൃഷ്ണെൻറ സ്ഥലത്താണ് കാട്ടുപന്നിയെ കുടുക്കാനുള്ള ഇരുമ്പുകൂട് സ്ഥാപിച്ചത്. കർഷകരുടെ വ്യാപക പരാതിയെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് ഒലവക്കോട് വനംവകുപ്പിലെ ആർ.ആർ.ടി വിഭാഗം എത്തി കൂട് സ്ഥാപിക്കുകയായിരുന്നു.
മോഹനകൃഷ്ണൻ 20 ഏക്കറിൽ നെല്ല്, വാഴ, റബർ, പച്ചക്കറി, എന്നിവ കൃഷി ചെയ്യുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും കാട്ടുപന്നികൾ നശിപ്പിക്കുന്നുെണ്ടന്നാണ് പരാതി. പദ്ധതി വിജയിച്ചാൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിൽ ആദ്യമായാണ് മണ്ണൂരിൽ പന്നികളെ കുരുക്കാൻ കൂടൊരുക്കുന്നത്. കുടുങ്ങിയ പന്നികളെ പിടികൂടി കാട്ടിലേക്കുതന്നെ വിടാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.