മണ്ണൂരിലെ സമഗ്ര കുടിവെള്ള പദ്ധതി നിർമാണം പൂർത്തിയായിട്ട് ആറുമാസം
text_fieldsമണ്ണൂർ: മണ്ണൂർ, കേരളശേരി, മങ്കര പഞ്ചായത്തുകളിലേക്ക് ആവശ്യമായ കുടിവെള്ളത്തിനായി ഞാവലിൻ കടവിൽ ഭാരതപ്പുഴയിൽ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയ സമഗ്ര കുടിവെള്ള പദ്ധതി മാസങ്ങളായി ഉദ്ഘാടനവും കാത്ത് കഴിയുന്നു. നബാർഡിന്റെ 25.30 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്.
ആറ് മാസം മുമ്പ് ജലവിതരണം നടത്താനാകുമെന്ന് അന്ന് സ്ഥലത്തെത്തിയ വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും ഇന്നുവരെ ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. പദ്ധതിക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഗ്രാമ പഞ്ചായത്ത് പൂർത്തീകരിച്ചു നൽകിയതായി പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ പറഞ്ഞു. വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് ബൾക്ക് മീറ്റർ സ്ഥാപിക്കാൻ ഒരു ലക്ഷത്തോളം രൂപ പഞ്ചായത്ത് കെട്ടി വക്കുകയും ചെയ്തിട്ടുണ്ട്.
പദ്ധതിക്കായി ഭാരതപ്പുഴ ഞാവളിൻ കടവിൽ 53 ലിറ്റർ പ്രതി സെക്കൻഡ് ശേഷിയുള്ള മോട്ടോർ സ്ഥാപിച്ചിട്ടുണ്ട്. പെരടിക്കുന്നിൽ 2.66 ലക്ഷം ലിറ്റർ ശേഷിയുള്ള കൂറ്റൻ ജല ശുചീകരണ ശാലയും പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.
മണ്ണൂർ താഴത്തെ പുരയിൽ 11 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും കേരളശേരിയിൽ എട്ട് ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും പൂർത്തീകരിച്ചു. മാസങ്ങൾക്ക് മുമ്പ് പദ്ധതിയുടെ ട്രയൽ റണ്ണിങ്ങും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒന്നാംഘട്ടം പൂർത്തിയാക്കി നിലവിലുള്ള ലൈനുകളിലേക്ക് ജലവിതരണം നടത്തുമെന്ന് വാട്ടർ അതോറിറ്റി ആറ് മാസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു.
ഒന്നാം ഘട്ടം നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനത്തിനായി കാത്തു കിടക്കുന്ന നടപടിക്കെതിരെ ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. വേനലിലെങ്കിലും കുടിവെള്ളം വിതണം ചെയ്യണമെന്നാണ് ജനകീയ ആവശ്യം. സ്ഥലം എം.എൽ.എ യുമായി ബന്ധപ്പെട്ട് ജല വിതരണം നടത്താൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.