കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതി അടിയന്തരമായി നടപ്പാക്കും -മന്ത്രി
text_fieldsതൃത്താല: ജലസേചനത്തിനും കുടിവെള്ളത്തിനും ഏറെ പ്രയോജനപ്പെടുന്ന കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സ്പീക്കർ എം.ബി. രാജേഷിനൊപ്പം കൂട്ടക്കടവ് പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചെലവേറുമെങ്കിലും പാർശ്വഭിത്തികൾ സംരക്ഷിച്ചുകൊണ്ടാകും പദ്ധതി പൂർത്തിയാക്കുക. ഇതുസംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ പൂർണമായും പരിഹരിക്കാനായി വേഗത്തിലാക്കാനുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകി.
നബാർഡിന്റെ ആർ.ഐ.ഡി.എഫ് സ്കീമിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി 2018 ലെ പ്രളയത്തെ തുടർന്ന് പാതി വഴിയിൽ നിലച്ചു പോയിരുന്നു. പിന്നീട് സ്പീക്കർ എം.ബി. രാജേഷ് മുൻകൈയെടുത്ത് കാര്യം ധരിപ്പിച്ചതോടെ മന്ത്രി സ്ഥലം സന്ദർശിക്കാമെന്ന് അറിയിച്ചിരുന്നു. അതേതുടർന്നാണ് തിങ്കളാഴ്ച്ച സ്പീക്കർക്കൊപ്പം എത്തിയത്.
നബാർഡ് സഹായത്തോടെ 50 കോടി ചെലവിലാണ് ആനക്കര കൂടല്ലൂർ കൂട്ടകടവിൽ റെഗുലേറ്റർ നിർമാണം നടക്കുക. നിലവിൽ 32 കോടിയുടെ നിർമാണ പ്രവൃത്തികൾ നടന്നുകഴിഞ്ഞു. ജലവിഭവവകുപ്പിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തികൾ. ഇതുമായി ബന്ധപ്പെട്ട് 19 കോൺക്രീറ്റ് തൂണുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ രണ്ട് വർഷങ്ങളായി ഉണ്ടായ പ്രളയം ഈ പ്രദേശങ്ങളെ ബാധിച്ചതോടെയാണ് ഇവിടെ റെഗുലേറ്റർ നിർമാണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഉണ്ടായത്. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയായിരുന്നു. പി. മമ്മിക്കുട്ടി എം.എൽ.എ, ഇറിഗേഷൻ ചീഫ് എൻജിനിയർ അലക്സ് വർഗീസ്, സൂപ്രണ്ടിങ് എൻജിനിയർ ബാജി ചന്ദ്രൻ, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.