കോവിഡ്: രോഗികൾ വർധിച്ചാൽ കൂടുതൽ സജ്ജീകരണം
text_fieldsപാലക്കാട്: കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ വിവിധ കോവിഡ് ചികിത്സ കേന്ദ്രങ്ങളില്‍ 143 ഓക്സിജന്‍ പോയൻറുകള്‍, 200 ഓക്സിജന്‍ സിലിണ്ടറുകള്‍, 261 ഓക്സിജന്‍ ബെഡുകള്‍, 59 വെൻറിലേറ്റര്‍ ബെഡുകള്‍, 108 ഐ.സി.യു ബെഡുകള്‍ എന്നിവ സജ്ജമാക്കിയതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫിസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. നാലു മുതല്‍ അഞ്ചുവരെ ഓക്സിജന്‍ സിലിണ്ടറുകളാവും ഒരാള്‍ക്ക് ആവശ്യമായി വരുക. ജില്ലയിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളായ ജില്ല ആശുപത്രിയില്‍ 98ഉം മാങ്ങോട് മെഡിക്കല്‍ കോളജില്‍ 35ഉം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പത്തും ഓക്സിജന്‍ പോയൻറുകളാണ് ക്രമീകരിച്ചത്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ 200 ഓക്സിജന്‍ സിലിണ്ടറുകളും 13 സ്വകാര്യ ആശുപത്രികളിലായി 261 ഓക്സിജന്‍ ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയില്‍ കോവിഡ് ചികിത്സക്കായി 59 വെൻറിലേറ്റര്‍ ബെഡുകളാണ് സജ്ജമാക്കിയത്. ജില്ല ആശുപത്രിയില്‍ 29, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളജ്, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതം, അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ഒരെണ്ണം എന്നിങ്ങനെ അഞ്ച് സര്‍ക്കാര്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലായി 36 വെൻറിലേറ്റര്‍ ബെഡുകളും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 23 വെൻറിലേറ്റര്‍ ബെഡുകളുമാണ് ഒരുക്കിയത്.
ജില്ല ആശുപത്രിയില്‍ 64ഉം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലായി 44ഉം ഉള്‍പ്പെടെ മൊത്തം 108 ഐ.സി.യു ബെഡുകളാണ് സജ്ജമാക്കിയത്.
രോഗികളുടെ എണ്ണം വര്‍ധിച്ചാൽ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും നോഡല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.