ഗ്രീൻഫീൽഡ് പാത; തേയ്മാന ചെലവ് പരിഗണിക്കാതെ നഷ്ടപരിഹാരം ആലോചനയിൽ
text_fieldsതച്ചമ്പാറ: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാത നിർമാണത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില നിർണയിക്കുന്നതിന് തേയ്മാന ചെലവ് കുറവ് വരുത്താതെ നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് ദേശീയപാത സ്ഥലമെടുപ്പ് റവന്യൂ ഉദ്യോഗസ്ഥർ. തച്ചമ്പാറ കമ്യൂണിറ്റി ഹാളിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, എൽ.എ.എൻ.എച്ച് റവന്യൂ ഉദ്യോഗസ്ഥർ, ഗ്രീൻഫീൽഡ് പാത ഇരകൾ എന്നിവരുടെ സംയുക്ത യോഗത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കരിമ്പ ഗ്രാമപഞ്ചായത്തിൽ കെട്ടിടങ്ങളുടെ വിലനിർണയ കണക്കെടുപ്പ് തുടങ്ങി.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 26 വകുപ്പ് പ്രകാരമാണ് ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില നിർണയിക്കുക. മുദ്രപത്രത്തിലെ വില, സമീപ പ്രദേശങ്ങളുടെ വിപണി വില, സ്വകാര്യ പ്രോജക്ടിന്റെ വിലനിർണയം എന്നീ മാനദണ്ഡങ്ങളാണ് പ്രധാനമായി വില നിർണയത്തിന് നിദാനം.
ഗ്രീൻഫീൽഡ് പാതക്ക് ഭൂമി ഏറ്റെടുക്കുന്നവരുടെ പട്ടയത്തിനുള്ള അപേക്ഷ ഉടൻ തീർപ്പാക്കാൻ റവന്യൂ വകുപ്പ് ലാൻഡ് ട്രൈബ്യൂണലിന് നിർദേശം നൽകി. നികുതി കുടിശ്ശികയും ലൈസൻസും ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.യോഗത്തിൽ അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ അധ്യക്ഷത വഹിച്ചു.
തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി, ഡെപ്യൂട്ടി കലക്ടർ ജോസഫ് സ്റ്റീഫൻ റോബിൻ, എൻ.എച്ച്.എ ലെയ്സൺ ഓഫിസർ പി.എൻ. ശശികുമാർ, ഡെപ്യൂട്ടി മാനേജർ അഭിഷേക്, സൈറ്റ് എൻജിനീയർ അർജുൻ ബിനോയ്, ഗ്രീൻഫീൽഡ് പാത കോഓഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.