കെ.എസ്.കെ.ടി.യു സമ്മേളനം: കോട്ടമൈതാനം വിട്ടുകൊടുത്തത് വ്യവസ്ഥകൾ ലംഘിച്ച്
text_fieldsപാലക്കാട്: കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തിന് കോട്ടമൈതാനത്തെ ക്രിക്കറ്റ് ഗ്രൗണ്ട് നഗരസഭ വിട്ടുകൊടുത്തത് വ്യവസ്ഥകൾ ലംഘിച്ച്. ദിവസവും നൂറുകണക്കിന് കായികതാരങ്ങൾ പരിശീലനം നടത്തുന്ന ട്രാക്കിലാണ് പതാക നാട്ടാൻ സംഘാടകർ കുഴി എടുത്തത്. ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്ത് വെച്ചുപിടിപ്പിച്ച പുല്ലും ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പിച്ചുകളും സമ്മേളനം കഴിയുന്നതോടെ പൂർണമായും നശിക്കുമെന്നാണ് ആശങ്ക.
കെ.എസ്.കെ.ടി.യു സമ്മേളനത്തിന്‍റെ ഭാഗമായി ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനമാണ് ക്രിക്കറ്റ് മൈതാനത്ത് നടക്കുന്നത്. സമ്മേളന അലങ്കാരങ്ങളുടെ ഭാഗമായാണ് മൈതാനത്തിന് ചുറ്റും പതാക സ്ഥാപിക്കാൻ തൂണുകൾ സ്ഥാപിച്ചിരിക്കുന്നത്. ട്രാക്കിന് നടുവിലാണ് തൂണുകൾക്ക് നിരവധി കുഴികൾ എടുത്തത്. മൈതാനമധ്യത്തിലും പതാക നാട്ടാൻ കുഴിയെടുക്കുന്നുണ്ട്. പാലക്കാട് ജില്ല ക്രിക്കറ്റ് അസോസിയേഷന് കരാർ വ്യവസ്ഥയിൽ നഗരസഭ കൈമാറിയതാണ് കോട്ടമൈതാനം. കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്നതിനും മൽസരങ്ങൾ നടത്താനുമാണ് ഗ്രൗണ്ട് ഉപയോഗിക്കുന്നത്. മൈതാനം നിരപ്പാക്കാനും പുൽത്തകിടി വെച്ചുപിടിപ്പിക്കാനും ക്രിക്കറ്റ് അസോസിയേഷൻ ലക്ഷങ്ങളാണ് ചെലവഴിച്ചത്.
നിരവധി അന്തർ ജില്ല മാച്ചുകൾക്ക് വേദിയായ മൈതാനത്ത് ഉന്നത നിലവാരത്തിലുള്ള ഒരു മാറ്റ് പിച്ചും നാലു ടർഫ് പിച്ചുകളുമുണ്ട്. വളരെ നല്ല നിലയിൽ പരിപാലിക്കുന്ന മൈതാനമാണ് ആയിരങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടിക്ക് കൈമാറിയിരിക്കുന്നത്. ദിവസവും രാവിലേയും വൈകീട്ടും നിരവധി കുട്ടികളും മുതിർന്നവരും കായിക പരിശീലനം നടത്തുന്ന മൈതാനമാണിത്. ക്രിക്കറ്റ് മൈതാനത്തിന്ചുറ്റുമുള്ള 400 മീറ്റർ ട്രാക്കിലാണ് കുട്ടികൾ ഓട്ടം പരിശീലിക്കുന്നത്. ഈ ട്രാക്കിന്‍റെ മധ്യത്തിലും വശങ്ങളിലുമായാണ് വലിയ കുഴികൾ എടുത്ത് പതാക നാട്ടുന്നത്. മണപ്പുള്ളികാവ് വേലക്കും സ്വതന്ത്ര്യ, റിപ്പബ്ലിക് ദിന പരേഡുകൾക്കും ഒഴിച്ച് മറ്റൊന്നിനും മൈതാനം നൽകില്ലെന്ന വ്യവസ്ഥയിലാണ് ക്രിക്കറ്റ് അസോസിയേഷൻ കോട്ടമൈതാനം നഗരസഭയിൽനിന്ന് വാടകക്കെടുത്തത്. എന്നാൽ, ഈ വ്യവസ്ഥ നഗരസഭ കാറ്റിൽ പറത്തിയിരിക്കുകയാണ്. മുൻപ് പ്രധാനമന്ത്രി പങ്കെടുത്ത, എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലികൾക്ക് ക്രിക്കറ്റ് മൈതാനം നഗരസഭ വിട്ടുകൊടുത്തിരുന്നു. കെ.എസ്.കെ.ടി.യു സമ്മേളനത്തിന് ഒരുക്കങ്ങൾ നടക്കുന്നതിനാൽ മൽസരങ്ങൾ അകത്തേത്തറ എൻ.എസ്.എസ് എൻജിനിയറിങ് കോളജ് മൈതാനത്തേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടികളുടെ പരിശീലനം മാത്രമാണ് ഇപ്പോൾ കോട്ട മൈതാനത്ത് നടക്കുന്നത്. പരിപാടിക്ക് മുമ്പുള്ള അതേ അവസ്ഥയിൽ മൈതാനം കൈമാറണമെന്ന വ്യവസ്ഥയിലാണ് ഗ്രൗണ്ട് കെ.എസ്.കെ.ടി.യു സമ്മേളനത്തിന് വിട്ടുകൊടുത്തതെന്നാണ് നഗരസഭ സെക്രട്ടറിയുടെ വിശദീകരണം.
എന്നാൽ, ഇതൊരിക്കലും ഉണ്ടാവില്ലെന്നും ആളുകൾ കയറുന്നതോടെ പിച്ചും പുൽത്തകിടിയും നാശമാകുമെന്നും ട്രാക്കിലെ കുഴികൾ ഭാവിയിൽ കുട്ടികൾക്ക് അപകടം വരുത്തുമെന്നും താരങ്ങൾ ചൂണ്ടിക്കാട്ടുന്നു. സാധാരണ, ചെറിയ കോട്ടമൈതാനത്താണ് രാഷ്ട്രീയ പാർട്ടികളും മറ്റും ബഹുജന റാലികളും പൊതുപരിപാടികളും സംഘടിപ്പിക്കാറുള്ളത്. ഇതാദ്യമായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ക്രിക്കറ്റ് മൈതാനത്ത് വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.