കെ.എസ്.ആർ.ടി.സിക്ക് കെട്ടിട നമ്പറില്ലെന്ന്; അന്വേഷണവുമായി പാലക്കാട് നഗരസഭ
text_fieldsപാലക്കാട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് കെട്ടിട നമ്പർ ഇല്ലാത്തതും ലൈസൻസില്ലാതെ ഇവിടെ കടകൾ പ്രവർത്തിക്കുന്നതും പരിശോധിക്കാൻ നഗരസഭ. സെക്രട്ടറിയുടെ നേതൃത്വത്തിൽ വിഷയം വിശദമായി പരിശോധിക്കാൻ തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗം നിർദേശം നൽകി. ട്രെഞ്ചിങ് ഗ്രൗണ്ടിലെ വളം നിർമാണം സ്വകാര്യ കമ്പനിയെ ഏൽപിക്കാനുള്ള തീരുമാനം സ്റ്റിയറിങ് കമ്മിറ്റി പരിശോധിക്കാനും തീരുമാനമായി. തെരുവുനായ് ശല്യവും നഗരപാതകളിലെ ഇരുട്ടും യോഗത്തിൽ സജീവ ചർച്ചയായി.
നഗരത്തിൽ ഹൈമാസ്റ്റ് അടക്കം ലൈറ്റുകൾ സ്ഥാപിക്കുന്നത് ജില്ല പഞ്ചായത്തിലെ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ്. നഗരസഭ നടപടി പൂർത്തിയാക്കി ഫയൽ കൈമാറിയിട്ടുണ്ടെന്ന് വൈസ് ചെയർമാൻ അറിയിച്ചു. എന്നാൽ, ഫയൽ കൈമാറിയെന്ന് പറയുന്നതല്ലാതെ കാര്യമായ ഇടപെടലുകളൊന്നും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് സി.പി.എം കൗൺസിലർമാരടക്കമുള്ളവർ വിമർശനമുന്നയിച്ചു. വിഷയത്തിൽ നഗരസഭ എൻജിനീയറിങ് വിഭാഗത്തെ തുടർനടപടികൾക്കായി കൗൺസിൽ ചുമതലപ്പെടുത്തി.
തെരുവുനായ് ശല്യം രൂക്ഷമായിട്ടും നഗരസഭ നടപടികൾ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ കക്ഷി കൗൺസിലർമാർ കുറ്റപ്പെടുത്തി. ഇടപെടൽ കാര്യക്ഷമമാക്കണമെന്നും ആവശ്യമുയർന്നു. വിഷയത്തിൽ മതിയായ ഫണ്ടിന്റെ അഭാവമടക്കം വില്ലനാവുകയാണെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് പറഞ്ഞു. സ്കൂളുകൾ അംഗൻവാടികൾക്ക് ഫിറ്റ്നസ് നൽകാത്ത നഗരസഭ നടപടിയും കൗൺസിലിൽ ചോദ്യം ചെയ്യപ്പെട്ടു. ഫിറ്റ്നസ് ലഭിക്കാത്ത മേപ്പറമ്പ് യു.പി സ്കൂൾ കെട്ടിടമടക്കം ഉടൻ പരിശോധിക്കാൻ തീരുമാനമായി.
തിരുനെല്ലായ് റോഡ് നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് ജല അതോറിറ്റിക്ക് കത്ത് നൽകാനും തീരുമാനിച്ചു. അറ്റകുറ്റപ്പണിക്കായി ഓരോ വാർഡിനും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്കൊപ്പം നഗരത്തിലെ അനധികൃത കെട്ടിടങ്ങളെല്ലാം പരിശോധിക്കണമെന്ന് സി.പി.എം കൗൺസിലർമാർ ആവശ്യപ്പെട്ടു. പട്ടിക്കര ബൈപാസിലെ ക്ലോക്ക് റൂം പരിസരത്തെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.