ആനവണ്ടി സ്റ്റാൻഡ്; പണികൾ അവസാന ഘട്ടത്തിൽ
text_fieldsപാലക്കാട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് യാത്രക്കാരെ വരവേൽക്കാനൊരുങ്ങുന്നു. കെട്ടിട നിർമാണം പൂർത്തിയായി ഒരുവർഷം കഴിഞ്ഞെങ്കിലും അനുബന്ധ പ്രവൃത്തികൾ കൂടി തീർക്കാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണം.
സ്റ്റാൻഡിനകത്തെ ഡീസൽ ബങ്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു. 2014 മേയിലാണ് കാലപ്പഴക്കമുള്ള ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുപണിയാൻ പദ്ധതിയൊരുങ്ങുന്നത്.
അതേവർഷം ഡിസംബറിൽ പഴയകെട്ടിടം പൊളിച്ചെങ്കിലും പുനർനിർമാണം നീണ്ടുപോയി. 2016 ജനുവരിയിൽ പുതിയ സ്റ്റാൻഡ് ടെർമിനിലിന് തറക്കല്ലിട്ടെങ്കിലും രൂപരേഖക്കുള്ള അനുമതി വൈകിയതും ഫണ്ട് ലഭിക്കാനുള്ള കാലതാമസവും മൂലം നിർമാണം അനന്തമായി നീണ്ടു.
ഒടുവിൽ ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 8.5 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട നിർമാണത്തിന് അനുമതിയായതോടെ 2020ലാണ് പ്രവൃത്തികൾ ആരംഭിച്ചത്.
ഒരേസമയം ഒമ്പതു ബസുകൾ നിർത്താനുള്ള ട്രാക്കുകളടക്കം മൂന്നു നില കെട്ടിടത്തിൽ യാത്രക്കാർക്കും വി.ഐ.പികൾക്കുമുള്ള താമസ സൗകര്യം, ശൗചാലയം, ചാർജിങ് പോയന്‍റ്, കുടിവെള്ളം, എയ്ഡ് പോസ്റ്റ്, ഇൻഫർമേഷൻ കൗണ്ടർ, ഇരിപ്പിടം എന്നീ സൗകര്യങ്ങളാണുള്ളത്.
കോഴിക്കോട്, കോയമ്പത്തൂർ, ഗുരുവായൂർ, തൃശൂർ, തിരുവനന്തപുരം, പൊള്ളാച്ചി, കൽപ്പറ്റ, ചെർപ്പുളശ്ശേരി, പൊന്നാനി, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾക്കു പുറമെ ചെന്നൈ, ബംഗളുരു, മംഗലാപുരം ദീർഘദൂര ബസുകളും പാലക്കാട് നിന്നും സർവിസ് നടത്തുന്നുണ്ട്.
നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന അവസ്ഥയാണ്. ത്വരിത ഗതിയിൽ പണികൾ പൂർത്തിയാക്കി സ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.