ഗവ. മെഡിക്കൽ കോളജിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങി
text_fieldsപാലക്കാട്: യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമായി പാലക്കാട് ടൗണിൽനിന്ന് യാക്കരയിലെ ഗവ. മെഡിക്കൽ കോളജിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു. സർവിസ് യാഥാർഥ്യമായതോടെ മെഡിക്കൽ കോളജിൽ ദിനംപ്രതി ചികിത്സക്കെത്തുന്ന നൂറുകണക്കിന് രോഗികളുടെ യാത്രാക്ലേശത്തിനാണ് പരിഹാരമായത്. ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന സർവിസായി ഇതിനെ കണക്കാക്കരുതെന്നും സേവന സർവിസായി കാണണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ശബരിമല സീസൺ കഴിഞ്ഞാൽ പാലക്കാട് ഡിപ്പോയിൽ നിന്ന് നിർത്തിവെച്ച സർവിസുകൾ പലതും പുനരാരംഭിക്കാനും പുതിയ അന്തർസംസ്ഥാന സർവിസ് ആരംഭിക്കാനും ഗതാഗത വകുപ്പിൽ സമ്മർദം ചെലുത്തും. മുൻ എം.എൽ.എ ഷാഫി പറമ്പിൽ കെ.എസ്.ആർ.ടി.സിയോട് കാണിച്ച പ്രത്യേക താൽപര്യം തുടരും.
ഡിപ്പോയിലെ ഓഫിസ് കമ്പ്യൂട്ടർവത്കരിക്കാൻ എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് ഏഴു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നിയമസഭാ സമ്മേളനത്തിൽ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ 14ന് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉദ്ഘാടന പരിപാടിക്കെത്തിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് മെഡിക്കൽ കോളജിലേക്കുള്ള രോഗികൾ നേരിടുന്ന യാത്രാക്ലേശം എം.എൽ.എ അറിയിച്ചിരുന്നു.
ടൗണിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്നാണ് നഗരത്തിൽനിന്ന് മെഡിക്കൽ കോളജിലേക്ക് പുതിയ സർവിസ് തുടങ്ങിയത്. ഉദ്ഘാടന പരിപാടിയിൽ കെ.എസ്.ആർ.ടി.സി കൺട്രോളിങ് ഇൻസ്പെക്ടർ പി.എസ്. മഹേഷ് അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേഷൻ ഓഫിസർ സി.എൻ. ജോർജ്, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി. സജ്ജീവ് കുമാർ, കേരള കോൺഗ്രസ് (ബി) ജില്ല സെക്രട്ടറി എസ്. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. എ.ടി.ഒ ടി.കെ. സന്തോഷ് സ്വാഗതവും ഇൻസ്പെക്ടർ മുഹമ്മദ് മൻസൂർ നന്ദിയും പറഞ്ഞു.
ബസ് സമയവും റൂട്ടും
ഉച്ചക്ക് 2.15ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് 2.30ന് മെഡിക്കൽ കോളജിലെത്തും. അവിടെനിന്ന് പറളി വഴി 4.25ന് ഷൊർണൂരിലെത്തും. തിരിച്ച് 4.35ന് ഷൊർണൂർ, ഒറ്റപ്പാലം, പത്തിരിപ്പാല, പൂടൂർ വഴി 6.30ന് മെഡിക്കൽ കോളജിലെത്തും. അവിടുന്ന് ഏഴിന് പുറപ്പെട്ട് 7.15ന് സ്റ്റാൻഡിലെത്തും.
7.45ന് ഒലവക്കോട്ടേക്ക് പോകും. എട്ടിന് ഒലവക്കോട്ടെത്തും. 8.15ന് ഒലവക്കോട്ടുനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് വരും. രാത്രി 9.20ന് പാലക്കാട് നിന്ന് പറളി വഴി ഷൊർണൂരിലേക്ക് പോകും. 11ന് അവിടെ എത്തിയാൽ പിന്നെ പുലർച്ചെ 4.30ന് ഒറ്റപ്പാലം, പത്തിരിപ്പാല, പൂടൂർ, കോട്ടമൈതാനം വഴി 6.25ന് മെഡിക്കൽ കോളജിലെത്തും.
6.35ന് മെഡിക്കൽ കോളജിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പുറപ്പെടും. 6.50ന് സ്റ്റാൻഡിലെത്തും. ഏഴിന് പാലക്കാട്നിന്ന് ആലത്തൂർ, അത്തിപ്പൊറ്റ വഴി തോടുകാട്ടേക്ക് സർവിസ് നടത്തും. നല്ല തിരക്കുള്ള റൂട്ടാണിത്. രാവിലെ 8.10ന് തോടുകാട് എത്തും. 8.30ന് തോടുകാട് നിന്നും പുറപ്പെട്ട് 9.40ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.