ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബശ്രീ ഹോട്ടലിന് തീപിടിച്ചു
text_fieldsപാലക്കാട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബശ്രീ ജനകീയ ഹോട്ടലിന് തീപിടിച്ചു. പുതുശ്ശേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. പുതിയ സിലിണ്ടര്‍ സ്ഥാപിച്ചശേഷം ഭക്ഷണം പാചകം ചെയ്യുന്നതിനിടെ കേടായ ട്യൂബ് വഴി തീ പടരുകയായിരുന്നു. ജീവനക്കാരായ തങ്കമണി, സിനി, സുമതി എന്നീ ജീവനക്കാര്‍ പുറത്തേക്കോടി അഞ്ച് മിനിറ്റിനകം സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍നിന്ന് കണ്ടെടുത്തു.
തൊട്ടടുത്ത സ്ഥാപനത്തിലെ ജീവനക്കാരാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. അവരെത്തുമ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. സാധാരണഗതിയില്‍ മൂന്ന് സിലിണ്ടറുകള്‍ നിറച്ചുവെക്കാറുണ്ടെങ്കിലും സംഭവം നടക്കുമ്പോള്‍ രണ്ടെണ്ണം ഒഴിഞ്ഞനിലയിലായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫിസിനും കേടുപാട് സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ അറിയിച്ചു. കഞ്ചിക്കോട് അഗ്നിരക്ഷ നിലയം സ്റ്റേഷന് ഓഫിസര്‍ ആര്. ഹിതേഷ്, അസി. സ്റ്റേഷന് ഓഫിസര്‍ ടി.ആര്. രാകേഷ്, ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍ എം. രമേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.