ഓണം കളറാക്കാൻ പുഷ്പ-പച്ചക്കറി കൃഷിയുമായി കുടുംബശ്രീ
text_fieldsപാലക്കാട്: ഓണത്തിന് മലയാളികൾക്ക് പൂക്കളമിടാനും സദ്യയൊരുക്കാനും പൂക്കളും പച്ചക്കറികളും സ്വന്തമായി ഉൽപാദിപ്പിക്കാനൊരുങ്ങി കുടുംബശ്രീ. നിറപ്പൊലിമ 2024, ഓണക്കനി 2024 എന്നീ പേരുകളിലാണ് ഇത്തവണ കുടുംബശ്രീ സംസ്ഥാനത്താകെ പൂകൃഷിയും പച്ചക്കറി കൃഷിയും ഒരുക്കുന്നത്. ഓണപ്പൂകൃഷിയിൽ സ്വയംപര്യാപ്ത കൈവരിക്കുന്നതിനുള്ള കുടുംബശ്രീയുടെ ചുവടുവെപ്പാണ് നിറപ്പൊലിമ. ഓണവിപണിയിലേക്ക് കാർഷിക മേഖലയിലെ സംഘകൃഷി ഗ്രൂപ്പുകൾ മുഖേന വിഷരഹിത നാടൻ പച്ചക്കറികൾ എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ഓണക്കനി. കുടുംബശ്രീ ആദ്യമായാണ് ഇത്തരമൊരു പരിപാടി നടപ്പാക്കുന്നത്. പാലക്കാട് ജില്ലയിൽ 194 സംഘകൃഷി ഗ്രൂപ്പുകൾ മുഖേന 258.7 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. 87 സംഘകൃഷി ഗ്രൂപ്പുകൾ 60.6 ഏക്കർ സ്ഥലത്ത് പൂകൃഷിയും ചെയ്യുന്നുണ്ട്. ജില്ലയിലെ എല്ലാ സി.ഡി.എസുകൾക്ക് കീഴിലും കൃഷി ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഓണത്തിന് മുന്നോടിയായി സെപ്റ്റംബറിൽ തൃത്താലയിൽ കാർഷിക എക്സ്പോയും വിപണനമേളയും സംഘടിപ്പിക്കുന്നുണ്ട്.
നിറപ്പൊലിമ
വർഷങ്ങളായി തമിഴ്നാട്ടിലെ തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലെ ഓണവിപണിയിലേക്കുള്ള പൂക്കൾ എത്തുന്നത്. ഇത്തവണ നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം കുറഞ്ഞത് 1000 ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, മുല്ല എന്നീ പൂക്കൾ കൃഷി ചെയ്യാനും ഇടനിലക്കാരില്ലാതെ കുടുംബശ്രീ വിപണനമേളകൾ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കാനുമാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ 4000 കുടുംബശ്രീ അംഗങ്ങൾക്ക്/കർഷകർക്ക് ഉപജീവനം നേടിക്കൊടുക്കാൻ ലക്ഷ്യമിടുന്നു. കുറഞ്ഞ കാലയളവിൽ (45 ദിവസം) ഉയർന്ന വിളവ് നൽകുന്ന ഹൈബ്രിഡ് ഇനങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഓണക്കനി
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം കുറഞ്ഞത് 2500 ഹെക്ടർ സ്ഥലത്ത് പയർ, പാവൽ, വെള്ളരി, പടവലം, മുളക്, ചേന, ചീര, വെണ്ട, തക്കാളി, വഴുതന തുടങ്ങിയ വിളകളാണ് പ്രധാനമായി കൃഷി ചെയ്യുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ കർഷകർക്ക് ന്യായവില നൽകി കുടുംബശ്രീ വിപണനമേളകളിലൂടെയും വെജിറ്റബിൾ കിയോസ്കുകളിലൂടെയും ഇടനിലക്കാരില്ലാതെ പൊതുവിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കേരളത്തിലുടനീളം 20,000 കുടുംബശ്രീ കർഷകർക്ക് ഉപജീവനം നൽകാനും ഉദ്ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.