കുതിരാനിൽ കുരുങ്ങിയത് 17 മണിക്കൂർ
text_fieldsവടക്കഞ്ചേരി: ലോറി കേടായും വാഹനങ്ങൾ കൂട്ടിയിടിച്ചും കുതിരാനിൽ യാത്രക്കാർ കുരുങ്ങിയത് 17 മണിക്കൂർ. ഇരുമ്പ് പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഒരാൾക്ക് പരിക്കേറ്റു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും കുരുക്ക് മുറുകി.
ബുധനാഴ്ച രാത്രി എട്ടിന് തുടങ്ങിയ കുരുക്ക് വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് പൂർണമായും പുനഃസ്ഥാപിച്ചത്. എന്നാൽ, കനത്തമഴയും റോഡിെൻറ തകർച്ചയും മൂലം വ്യാഴാഴ്ച രാത്രിയും ചെറിയതോതിൽ കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കുതിരാൻ ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി ലോറി കേടായി നിന്നതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. തുടർന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനിടെ വ്യാഴാഴ്ച പുലർച്ച മൂന്നരയോടുകൂടി നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന മിനി കണ്ടെയ്നർ ലോറി എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നുവരുകയായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് നിയന്ത്രണം തെറ്റിയ മിനി കണ്ടെയ്നർ ലോറി മുന്നിൽ പോവുകയായിരുന്ന മറ്റൊരു കണ്ടെയ്നർ ലോറിയിൽ ഇടിച്ചു. ഈ കണ്ടെയ്നർ ലോറി ഇതിന് മുന്നിൽ പോവുകയായിരുന്ന ടോറസ് ലോറിയിലും ഇടിച്ചു. അപകടത്തിൽ മിനി കണ്ടെയ്നർ ലോറിയിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. പാലക്കാട് റൂട്ടിൽ വാണിയമ്പാറ വരെയും തൃശൂർ റൂട്ടിൽ ചുവന്നമണ്ണ് വരെയും വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായിരുന്നു. ഹൈവേ പൊലീസും പീച്ചി-മണ്ണുത്തി പൊലീസും സ്ഥലത്തെത്തി ഉച്ചക്ക് ഒന്നോെടയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങൾ ഇടത് തുരങ്കമുഖത്തിന് മുന്നിലുള്ള പാലത്തിലൂടെ കടത്തിവിട്ട് താൽക്കാലിക റോഡിലൂടെ ദേശീയപാതയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദേശീയപാതയിലെ റോഡിെൻറ തകർച്ചയും രണ്ട് ദിവസങ്ങളിലായി പെയ്യുന്ന മഴയും ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നുണ്ട്. മഴ തുടർന്നാൽ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.