തോണി വേണം, ഇതുവഴി പോകാൻ... കുറ്റിപ്പുള്ളി-കൂത്തുപറമ്പ് റോഡിൽ യാത്രാദുരിതം
text_fieldsപറളി: വർഷങ്ങളായി തകർന്നു കിടക്കുന്ന കുറ്റിപ്പുള്ളി-കൂത്തുപറമ്പ് റോഡിൽ യാത്രാദുരിതം. മഴ ശക്തിപ്പെട്ടതോടെ ഇതുവഴി പോകണമെങ്കിൽ തോണി വേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. യാത്രാദുരിതത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസും ചേർന്നു. പറളി പഞ്ചായത്തിലെ 11, 12 വാർഡുകളിലൂടെ കടന്ന് പോകുന്ന അഞ്ചാംമൈൽ, കുറ്റിപ്പുളി, കൂത്ത്പറമ്പ് റോഡാണ് തകർന്ന് ചളിക്കുളമായത്. നൂറുകണക്കിന് വാഹനങ്ങൾ പോകുന്നതും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഏക ആശ്രയമായ ഈ റോഡ് ഒരു മഴപെയ്താൽ വെള്ളം നിറഞ്ഞ അവസ്ഥയിലാകും.
പത്ത് വർഷത്തിലധികമായി റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട്. നിരവധി തവണ പരാതി നൽകിയെങ്കിലും റോഡ് നന്നാക്കാൻ പഞ്ചായത്ത് ഭരണസമിതി താൽപര്യം കാണിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പറളി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.എ. ഹക്കീം, എം.വി രാജു, എച്ച്. അബ്ദുല്ല, ലിബിൻ വലിയപറമ്പിൽ, കെ.എം. ഫിറോസ്, കെ. മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.
സ്കൂൾ റോഡിൽ വെള്ളക്കെട്ട്: യാത്രക്കാർ ദുരിതത്തിൽ
മുണ്ടൂർ: ജി.എൽ.പി സ്കൂൾ പരിസരത്തെ നാട്ടുപാതയിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കും നാട്ടുകാർക്കും ദുരിതമായി. മുണ്ടൂർ-തൂത സംസ്ഥാനപാതയുടെ നിർമാണത്തോടനുബന്ധിച്ച് റോഡുകൾ ഉയർത്തി പണിതതോടെ ഉപപാതകളിൽ വെള്ളം തളംക്കെട്ടി നിൽക്കുകയാണ്. നൂറുകണക്കിന് കുട്ടികളുൾപ്പെടെ നിരവധി യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡ് നിർമാണം പൂർത്തിയാക്കും മുമ്പേ ഇക്കാര്യം അധികൃതരോട് പറഞ്ഞിരുന്നു.
പ്രശ്നം പരിഹരിക്കാമെന്ന് മറുപടി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് തദ്ദേശവാസികളുടെ ആക്ഷേപം. വിദ്യാർഥികൾക്കും നാട്ടുകാർക്കും സുരക്ഷിത യാത്രക്ക് സൗകര്യം ഒരുക്കണമെന്ന് പഞ്ചായത്ത് അംഗം എം.എസ്. മാധവദാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.