കുറ്റിപ്പുറം-കുമ്പിടി-തൃത്താല-പട്ടാമ്പി റോഡ് പദ്ധതിക്ക് തുടക്കം
text_fieldsറോഡ് പുനർനിർമാണത്തിന്റെ ഭാഗമായി സ്ഥലം അളന്ന് അടയാളപ്പെടുത്തിയപ്പോള്‍
ആനക്കര: മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി അവസാനഘട്ടത്തിലായതോടെ ഇരുജില്ലകൾക്കും ഗുണകരമാകുന്ന മറ്റൊരു പദ്ധതികൂടി പ്രാവർത്തികമാകുന്നു.
കിഫ്ബി ഫണ്ടിൽനിന്ന് 1.28 കോടി ചെലവഴിച്ച് കുറ്റിപ്പുറം-കുമ്പിടി-തൃത്താല-പട്ടാമ്പി റോഡാണ് പുനർനിർമിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് ആണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. റോഡ് പുനർനിർമാണത്തിന് ആനക്കര, പട്ടിത്തറ, തൃത്താല വില്ലേജുകളിൽനിന്നായി ഏകദേശം 44 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിന്റെ ആദ്യപടിയായി ടോപ്പോ സർവേ പൂർത്തിയാക്കിയിരുന്നു. സെന്റർലൈൻ മാർക്കിങ് പൂർത്തിയാക്കി വശങ്ങൾ മാർക്കുചെയ്ത് കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. മലപ്പുറം, പാലക്കാട് അതിർത്തിയായ തൃക്കണാപുരം-കരുവമ്പാടം പാലം മുതൽ കുമ്പിടി-തൃത്താല-പട്ടാമ്പി വരെ 20 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് 12 മീറ്റർ വീതിയിൽ പുനർനിർമിക്കുന്നത്.
ഡി.പി.ആര് പ്രകാരം ഒമ്പത് മീറ്റർ ടാറിങ്ങും അതിനോട് ചേർന്ന് രണ്ടരികിലും ഓരോ മീറ്റർ ഓവുചാലും റോഡരികിലുള്ള പൈപ്പുകളും വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കാൻ 50 സെ.മീയും ഉള്‍പ്പടെ 12 മീറ്ററായിരിക്കും റോഡിന്റെ വീതി. സ്ഥലമേറ്റെടുക്കാൻ സ്ഥലമുടമകളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്നിരുന്നു. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായ ശേഷം വീണ്ടും ഡി.പി.ആര് തയാറാക്കി നിർമാണം തുടങ്ങിയാൽ ഒന്നര വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തല്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.