സ്കൂൾ തുറന്നിട്ടും ഭൂരിഭാഗം ബസുകളും കട്ടപ്പുറത്ത്
text_fieldsപാലക്കാട്: കോവിഡ് തീർത്ത പ്രതിസന്ധിയെ അതിജീവിച്ച് ജില്ലയിലെ വിദ്യാലയങ്ങൾ പൂർവസ്ഥിതിയിലേക്ക് എത്തുമ്പോഴും, സ്കൂൾ ബസുകളിൽ ഭൂരിഭാഗവും കട്ടപ്പുറത്ത്.
പൊതുഗതാഗതം ഇപ്പോഴും പൂർവസ്ഥിതിയിലാവത്തിതിനെ തുടർന്നുള്ള യാത്ര സംവിധാനങ്ങളുടെ കുറവ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. ഒറ്റപ്പെട്ട സർവിസ് നടത്തുന്ന പ്രദേശങ്ങളിൽനിന്ന് വിദ്യാർഥികൾ ഏറെ പ്രയാസപ്പെട്ടാണ് വിദ്യാലയങ്ങളിൽ എത്തുന്നത്. പലയിടത്തും വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്തർക്കവും സംഘർഷവും ഉണ്ടാവന്നുണ്ട്. ഈ സാഹചര്യത്തിൽ ഏറെ ആശ്വസമാണ് സ്കൂൾ ബസ്. കോവിഡിന് മുമ്പ് വരെ സ്ഥിരമായി ഓടിയിരുന്നു വാഹനങ്ങൾ മാസങ്ങൾ നിർത്തിയിടേണ്ടി വന്നതോടെ ഇപ്പോൾ നിരത്തിലിറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജില്ലയിൽ 1336 സ്കൂൾ വാഹനങ്ങളാണുള്ളത്. ഇവയിൽ ഭൂരിഭാഗം വാഹനങ്ങൾക്കും ഇതുവരെ ഫിറ്റന്സ് വാങ്ങിയിട്ടില്ല. 15 വർഷത്തിലധികം പഴക്കമുള്ളവയാണ് ജില്ലയിലെ സ്കൂൾ ബസുകളിൽ അധികവും.
രണ്ട് വർഷമായി നിർത്തിയിട്ട ബസുകളുടെ ബാറ്ററി മാറ്റണം, ഇൻഷുറൻസ് അടക്കണം, മറ്റ് അറ്റകുറ്റപ്പണി നടത്തണം, എല്ലാത്തിനുമായി ഒരു ബസിന് ഒന്നര ലക്ഷത്തിലധികം രൂപ വേണം. ഉയർന്ന വിലയ്ക്ക് ഡീസൽ നിറച്ച് ബസുകൾ ഓടിക്കാൻ കഴിയില്ലെന്ന് എയ്ഡഡ് സ്കൂള്‍ മാനേജർമാർ പറയുന്നു. എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടോ ജില്ല പഞ്ചായത്ത് ഫണ്ടോ ഉപയോഗിച്ചാണ് മിക്ക സർക്കാർ സ്കൂളുകളിലും വണ്ടി വാങ്ങുന്നത്. കോവിഡ് കാലത്ത് സ്കൂൾ അടഞ്ഞ് കിടന്നതിനാൽ പി.ടി.എക്ക് പണം കണ്ടെത്താൻ കഴിയാതായതോടെ ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യം. എയ്ഡഡ് വിദ്യാലയങ്ങളിലാകട്ടെ സ്കൂള്‍ ബസുകളുടെ ചെലവിന്റെ ഒരുഭാഗം മാനേജ്മെന്റുകളാണ് വഹിക്കുന്നത്.
എങ്കിലും രണ്ടിലേറെ വാഹനങ്ങളുള്ള സ്കൂളുകളാണെങ്കിൽ ചെലവ് ഇരട്ടിയാകും. വലിയ തുക മുടക്കി ഇവയുടെ ഫിറ്റ്നസ് പുതുക്കാൻ സ്കൂൾ മാനേജ്മെന്റുകൾ തയാറാവുന്നില്ല. പ്രത്യേകിച്ച്, എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ. ചില സ്കൂളുകളിൽ ആർ.ടി.ഒ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഒരു വിദ്യാർഥിയിൽനിന്ന് 350 മുതൽ 500 രൂപയാണ് ബസ് ഫീസ് ഇനത്തിൽ വാങ്ങിക്കുന്നത്.
ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ് ഫീസ് എന്നിവ ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ മേഖലയില്നിന്നുയരുന്ന ആവശ്യം. പി.ടി.എക്ക് ഫണ്ട് കുറവുള്ള സ്കൂളുകൾക്ക് പൊതുജനങ്ങളുടെ സഹായം വേണം. എല്ലാ സ്കൂളുകൾക്കും ഫണ്ട് നൽകുക ബുദ്ധിമുട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.