മാലിന്യ സംസ്കരണ പ്ലാന്റിന് പാലക്കാട് മെഡിക്കൽ കോളജിന്റെ ഭൂമി: ഉത്തരവിറങ്ങി
text_fieldsപാലക്കാട്: പട്ടികജാതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് മെഡിക്കൽ കോളജിന്റെ ഭൂമി പാലക്കാട് നഗരസഭക്ക് അമൃത് പദ്ധതിയിൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ വിട്ടുനൽകാൻ സർക്കാർ തീരുമാനം. വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി. മെഡിക്കൽ കോളജിന് 50.47 ഏക്കർ ഭൂമിയാണ് ഏറ്റെടുത്ത് നൽകിയത്. എയിംസ് മാർഗനിർദേശപ്രകാരം മെഡിക്കൽ കോളജിന് 20 ഏക്കറും നഴ്സിങ് കോളജിന് മൂന്ന് ഏക്കറുമാണ് ആവശ്യമുള്ളതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
മെഡിക്കൽ കോളജിന്റെ ആവശ്യത്തിനു ശേഷം അധികമുള്ള ഭൂമിയിൽനിന്ന് 70 സെന്റ് സ്ഥലമാണ് മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാനായി വിട്ടുനൽകുന്നത്. മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിക്കാതെ പ്ലാന്റ് സ്ഥാപിക്കാനാകുമെന്ന് പാലക്കാട് ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. രണ്ട് വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിൽ വിവിധ വ്യവസ്ഥകൾ പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി കൈവശാവകാശം തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയാണ് ഉത്തരവ്.
ദിനംപ്രതി 100 കിലോലിറ്റർ മനുഷ്യ വിസർജ്യം സംസ്കരിക്കുന്ന പ്ലാന്റാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നേരത്തേ മറ്റിടങ്ങളിൽ സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിൽനിന്ന് എതിർപ്പുയർന്നു. ഒടുവിൽ പട്ടികജാതി വകുപ്പിന് കീഴിലുള്ള മെഡിക്കൽ കോളജിന്റെ 70 സെന്റ് ഭൂമി വിട്ടുനൽകാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് 100 മീറ്റർ ചുറ്റളവിൽ മറ്റു സ്ഥാപനങ്ങൾ പാടില്ലെന്നിരിക്കെയാണ് മെഡിക്കൽ കോളജിന്റെ 50 ഏക്കർ സ്ഥലത്ത് മനുഷ്യവിസർജ്യ സംസ്കരണ പ്ലാന്റിന് സ്ഥലം അനുവദിച്ചത്. രാജ്യത്ത് പട്ടികജാതി വകുപ്പിന് കീഴിലെ ഏക മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ പോലും ഇത് ബാധിക്കുമെന്ന് പട്ടികജാതി -വർഗ കമീഷൻ കഴിഞ്ഞ വർഷം സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
റവന്യൂ വകുപ്പ് എസ്.സി വകുപ്പിന് ഭൂമി കൈമാറുമ്പോൾ മെഡിക്കൽ കോളജ് ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കരുതെന്ന് കരാർ ഉണ്ടാക്കിയിരുന്നു. ഇത് മറികടന്നാന്ന് തീരുമാനം. നഴ്സിങ് കോളജ്, ഡെന്റൽ കോളജ്, ഫാർമസി കോളജ് എന്നിവ നിർമിക്കുന്നതിന് ആവശ്യമായ ഭൂമി ഇനിയും കണ്ടെത്തണമെന്നിരിക്കെയാണ് നിലവിലുള്ള ഭൂമി കക്കൂസ് മാലിന്യ പ്ലാന്റിനായി കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.