പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയ സമാനം; ആനക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു
text_fieldsആനക്കര : പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖയില്‍ ഇടമുറിയാതെ പെയ്ത കനത്ത മഴ വലിയ നാശംവിതച്ചു. നിരവധി വീടുകള്‍, റോഡുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി പലയിടത്തും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകീട്ട് തുടങ്ങിയ മഴ ചൊവ്വാഴ്ചയും നീണ്ടുനിന്നതാണ് പ്രളയത്തിന് കാരണമായത്. പലയിടത്തും ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. ആനക്കര കുമ്പിടി നീലിയാട് റോഡ്, പറക്കുളം ഭാവന വായനശാലറോഡ്,ചേക്കോട് സ്‌ക്കൈലാബ് റോഡ്, നയ്യൂര്‍ മുണ്ട്രക്കോട് റോഡ് എന്നിവിടങ്ങളില്‍ റോഡുകള്‍വെള്ളത്തില്‍ മുങ്ങി.
നിരവധി വീടുകള്‍ വെള്ളം കയറി. ആനക്കര പഴയറോഡില്‍ കടകളിലേക്ക് വെള്ളം കയറി റോഡുകള്‍ വെള്ളത്തിനടിയിലായി. മേഴത്തൂരില്‍ വീട് തകര്‍ന്നു വീണു. തൃത്താല, മേഴത്തൂരില്‍ റോഡെല്ലാം വെള്ളം കയറി ഗതാഗത തടസം സൃഷ്ടിച്ചു. പടിഞ്ഞാറന്‍ മേഖലയില്‍ മഴ കനത്തു പെയ്യുന്നത് തുടരുകയാണ് നിളയും പാടശേഖരങ്ങളും നിറഞ്ഞു.
മേഖലയില്‍ മൂന്ന് ദിവസങ്ങളിലായി പെയ്യുന്ന മഴയും, ഭാരതപ്പുഴയില്‍ വന്നുചേരുന്ന ചെറുപുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കാലവര്‍ഷം തുടങ്ങിയശേഷം പുഴയില്‍ ആദ്യമായാണ് നീരൊഴുക്ക് ഇത്രയും ശക്തിപ്പെട്ടത്. 2018 ലും 2019 ലും പ്രളയം ഏറ്റവും കനത്ത പ്രഹരമേല്‍പ്പിച്ച പഞ്ചായത്തുകളില്‍ ഒന്നാണ് ആനക്കര. ഭാരതപ്പുഴയും തൂതപുഴയും സംഗമിക്കുന്ന കൂട്ടക്കടവില്‍ പുഴ ഗതിമാറിയൊഴുകിയതാണ് രണ്ട് പ്രളയത്തിലും ആനക്കരയെ വെള്ളത്തിനടിയിലാക്കാന്‍ കാരണമായതെങ്കില്‍ ഇത്തവണ മഴതന്നെയാണ് പ്രളയത്തിന് കാരണമായത്.
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു
ആനക്കര പഞ്ചായത്തിലെ മലമക്കാവല്‍ ആലക്കപറമ്പിൽ പ്രമോദിന്‍റെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മണ്ണിടിഞ്ഞ് വീണു. സമീപത്തെ കുന്നാണ് ഉഗ്രശബദത്തോടെ ഇടിഞ്ഞ് വീടിന് മുകളിലേക്ക് പാറകല്ലും മണ്ണുമായി പതിച്ചത്. ഈ സമയം വീട്ടുകാര്‍ ഉറക്കത്തിലായിരുന്നു. ജനല്‍ചില്ലുകള്‍ തകര്‍ന്ന് പ്രമോദിന്‍റെ മാതാവിന് പരിക്കേറ്റു. വീടിന്‍റെ ചുവരുകള്‍ക്ക് പൊട്ടലുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.