നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടൽ, വ്യാപക കൃഷിനാശം
text_fieldsനെല്ലിയാമ്പതി: രണ്ടുദിവസമായുള്ള ശക്തമായ മഴയിൽ നെല്ലിയാമ്പതി തോട്ടം മേഖലയിൽ ഉരുൾപൊട്ടലും വ്യാപക കൃഷിനാശവും. അലക്സാണ്ട്രിയ, ഓറിയന്റൽ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം പുലർച്ചയായിരുന്നു ഉരുൾപൊട്ടൽ. ജനവാസ മേഖലകളിലല്ലാത്തതിനാൽ ആളപായമില്ല.
അലക്സാണ്ട്രിയയിലുണ്ടായ ഉരുൾപൊട്ടലിൽ എസ്റ്റേറ്റ് റോഡും കാപ്പിച്ചെടികളും വൻമരങ്ങളും കുത്തിയൊലിച്ച് ഏക്കർ കണക്കിന് കൃഷി നശിച്ചു. മലവെള്ളപ്പാച്ചിലിൽ കല്ലും മരങ്ങളും നാലുകിലോമീറ്റർ ഒഴുകി ഓറിയന്റൽ എസ്റ്റേറ്റിലെ ചെക്ഡാമിലെത്തിയതോടെ ഡാംപൊട്ടി വെള്ളം ഗതിമാറിയൊഴുകി. ഇതേ തുടർന്ന് ഈ ഭാഗത്തെ കൃഷി പൂർണമായി നശിച്ചു. വെള്ളം ഗതിമാറിയൊഴുകിയതിനാൽ പാടികളിൽ താമസിക്കുന്നതൊഴിലാളികൾ രക്ഷപ്പെട്ടു.
ഈ ഭാഗത്തേക്കുള്ള പാത പൂർണമായും തകർന്നതിനാൽ അലക്സാണ്ട്രിയ, ബിയാട്രീസ്, ബ്രൂക്ക്ലാൻഡ്, പോത്തുമല തുടങ്ങിയ ഉൾപ്രദേശങ്ങളിലെ എസ്റ്റേറ്റുകളിലെ തൊഴിലാളികൾ ഒറ്റപ്പെട്ടു.
എസ്റ്റേറ്റുടമകളുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രമെത്തിച്ച് പാതയിൽ വീണ മണ്ണും പാറക്കല്ലുകളും മാറ്റാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മഴ വ്യാഴാഴ്ച വൈകീട്ടും തുടരുന്നതിനാൽ എസ്റ്റേറ്റിലെ ഉൾഭാഗങ്ങളിലെ കൃത്യമായ നാശ നഷ്ടങ്ങളുടെ വിവരങ്ങൾ അറിവായിട്ടില്ല.
നൂറടിയിൽ വീണ്ടും വെള്ളം കയറി
നെല്ലിയാമ്പതി: വ്യാഴാഴ്ച പുലർച്ച മുതൽ പെയ്ത കനത്ത മഴയിൽ നെല്ലിയാമ്പതിയിലെ നൂറടി പ്രദേശത്ത് വീണ്ടും വെള്ളം കയറി. നൂറടിപ്പുഴ കരകവിഞ്ഞതിനെത്തുടർന്ന് ആയുർവേദ ആശുപത്രി, ഹെൽത്ത് സബ്സെന്റർ, നൂറടിപാലം അംഗൻവാടി കൂടാതെ ഇരുപതോളം കടകളിലും വീടുകളിലുമാണ് രണ്ടാം തവണയും വെള്ളം കയറിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലാണ് ഇവിടെ ആദ്യമായി വെള്ളം കയറിയത്. മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് തിങ്കളാഴ്ച നെല്ലിയാമ്പതിയിലേക്കുള്ള ബസ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. ചൊവ്വാഴ്ച മുതലാണ് ബസ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബുധനാഴ്ച രാത്രി മുതൽ വീണ്ടും പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. പാടഗിരി, നൂറടി പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽനിന്നും 27 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പടഗിരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കൈകാട്ടി ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. ലക്ഷ്മിയുടെ നേതൃത്വത്തിൽ വൈദ്യപരിശോധനയും ബോധവത്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.