തെഞ്ചേരിപാടത്ത് ഓലകരിച്ചിൽ രോഗം പടരുന്നു; 26 ഏക്കർനെൽകൃഷി ഭീഷണിയിൽ
text_fieldsഓലകരിച്ചിൽ മൂലം മണ്ണൂർ തെഞ്ചേരിപാടത്തെ നശിച്ച നെൽകൃഷി
മണ്ണൂർ: തെഞ്ചേരിപാടം പാടശേഖരത്തിൽ ഓലകരിച്ചിൽ രോഗം പടരുന്നതോടെ കൃഷിക്ക് വ്യാപകനാശം. ഇതുമൂലം പാടശേഖരത്തിലെ 26 ഏക്കർ നെൽകൃഷിയും നാശത്തിന്റെ വക്കിലാണ്. വിജയം കൊട്ടപ്പാടം, ഷാജൻ തെക്കേക്കര എന്നീ കർഷകരുടെ രണ്ടര ഏക്കർ നെൽകൃഷി പൂർണമായും നശിച്ചു. കൊയ്തടുക്കാൻ ഒരുമാസം ബാക്കി നിൽക്കുമ്പോഴാണ് ഓലകരിച്ചിൽ വ്യാപകമായത്. രണ്ടാഴ്ച കൊണ്ട് പാടശേഖരം പൂർണമായും രോഗം ബാധിച്ചു. കൃഷി ഓഫിസിൽ വിവരം നൽകിയതിനെ തുടർന്ന് കൃഷി ഓഫിസർ തസ്നി മോൾ, അസിസ്റ്റൻറുമാരായ ഷീബ, ജെറീന എന്നിവർ കഴിഞ്ഞദിവസം നശിച്ച നെൽകൃഷിയിടങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
ലോണെടുത്തും സ്വർണാഭരണങ്ങൾ പണയംവെച്ചുമാണ് കർഷകർ ഇത്തവണ കൃഷിയിറക്കിയത്. കൃഷി വകുപ്പിന്റെ നിർദേശപ്രകാരം ഡ്രോൺ ഉപയോഗിച്ച് നിലവിൽ വയേഗ കീടനാശിനി ഉപയോഗിച്ചതായി സമിതി ഭാരവാഹികളായ അബ്ദുൽ ഖാദർ, റിയാസുദ്ദീൻ, എ.വി.എം. റസാക്ക് എന്നിവർ പറഞ്ഞു. എന്നാൽ, പുതിയ തരം വൈറസാണെന്നാണ് കർഷകരുടെ അഭിപ്രായം. ഉന്നത ഗവേഷണ സംഘം കൃഷി സ്ഥലംസന്ദർശിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. നിലവിൽ പ്രയോഗിച്ച മരുന്ന് കൊണ്ടു വലിയ പ്രയോജനമൊന്നും കാണുന്നില്ലെന്നും ഈ അവസ്ഥയാണെങ്കിൽ അടുത്തവർഷം മുതൽ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്നും കർഷകസംഘം മണ്ണൂർ വില്ലേജ് പ്രസിഡൻറ് എ.വി.എം. റസാക്ക് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.