കരിമ്പാറ മരുതഞ്ചേരിയിൽ പുലി ആക്രമണം; വളർത്തുനായെ കടിച്ചുകൊന്നു
text_fieldsഅയിലൂര്‍: ഇടവേളക്കുശേഷം കരിമ്പാറയിൽ വളർത്തുനായെ വീണ്ടും പുലി കടിച്ചുകൊന്നു. മലയോര പ്രദേശമായ മരുതഞ്ചേരി ഭാഗത്താണ് വ്യാഴാഴ്ച പുലര്‍ച്ച പുലിയിറങ്ങിയത്.
കയറാടി മരുതഞ്ചേരി കല്യാണകണ്ടം വീട്ടില്‍ കെ. ശ്രീജിത്തിെൻറ വീട്ടിലെ പട്ടിയെയാണ് പുലികൊന്നത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഭൂസംരക്ഷണ സമിതി പട്ടിയുടെ ജഡവുമായി നെന്മാറ വനം ഡിവിഷനല്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഒരാഴ്ച മുമ്പും പുലിയിറങ്ങി ശ്രീജിത്തിെൻറ വീട്ടിലെ പട്ടിയെ കൊണ്ടുപോയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ച രേണ്ടാടെ പ്രദേശത്ത് പട്ടികള്‍ നിര്‍ത്താതെ കുരച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
രാവിലെ പട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്ന തോട്ടത്തില്‍ പുലിയുടെ കാല്പാദം പതിഞ്ഞതായി കണ്ടെത്തിയത്. കാല്‍പ്പാടുകള്‍ പിന്തുടര്ന്നു നടത്തിയ തിരിച്ചിലില്‍ കല്‍ച്ചാടി പുഴ കടന്ന് തൊട്ടടുത്ത തോട്ടത്തില്‍ പട്ടിയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി.
പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിെൻറ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ ആശങ്കയില്‍ കഴിയുന്നതിനിടെയാണ് പുലിയിറങ്ങിയ സംഭവവും ഉണ്ടായത്. നെന്മാറ അടിപ്പെരണ്ട പ്രധാന പാതയോട് ചേര്‍ന്ന ഭാഗത്താണ് പുലിയിറങ്ങി പട്ടിയെ പിടികൂടിയത്.
ഇതോടെ ഇവിടുത്തുകാരുടെ ഭീതി വർധിച്ചിരിക്കുകയാണ്.ഒരുമാസം മുമ്പ് ഈ ഭാഗത്ത് കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഭീതിയില്‍ കഴിയുന്ന പ്രദേശവാസികളുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
ഭൂ സംരക്ഷണ സമിതി ചെയര്മാൻ കെ.ജി. എല്‍ദോ, അയിലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എസ്. വിനോദ്, എസ്.എം. ഷാജഹാന്, അബ്ബാസ് ഒറവന്‍ചിറ, ശ്രീജിത്ത്, രമേശ് ചേവക്കുളം, വിനീഷ് കരിമ്പാറ, ഐസക്, വി.പി. രാജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എന്‍. വിജയകൃഷ്ണനും എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. അനുരാഗും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. ബാബു സമരത്തിന് ഐക്യദാർഢ്യവുമായി എത്തി. ഡി.എഫ്.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ പുലി സാന്നിധ്യം നിരീക്ഷിച്ച ശേഷം കൂട് സ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.