ധോണിയിൽ നാലാം തവണയും പുലിയിറങ്ങി
text_fieldsധോണിയിൽ പുലി ഇറങ്ങിയെന്ന് പറയുന്ന സ്ഥലങ്ങളിലൊന്ന്
അകത്തേത്തറ: ധോണിയിൽ വീണ്ടും പുലി ഇറങ്ങിയതായി തദ്ദേശവാസികൾ. സംഭവസ്ഥലത്തും പരിസരങ്ങളിലും വനപാലകരും ദ്രുത പ്രതികരണ സേനയും തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ജനവാസ മേഖലയായ പെരുന്തുരുത്തിക്കളത്തിന് സമീപം നാട്ടുകാരനായ രമേശാണ് ആദ്യം പുലിയെ കണ്ടതായി പറയുന്നത്. രമേശ് ബഹളം വെച്ചതോടെ പുലി ഓടി മറഞ്ഞു. ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
തുടർന്ന് ആർ.ആർ. ടീം സ്ഥലത്ത് എത്തി. രണ്ട് വർഷം മുൻപ് സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിനകത്ത് പുലിയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. വനമേഖലയോട് സാമീപ്യം പുലർത്തുന്ന ഇടങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളക്കം കാടുമൂടിക്കിടക്കുന്നുണ്ട്.
ഇത്തരം സ്ഥലങ്ങൾ വെട്ടി തെളിച്ച് വൃത്തിയായി സുരക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നിർദേശം നൽകി.
ആഴ്ചകൾക് മുൻപ് ധോണി ശംസുദ്ദീന്റെ വളർത്ത് നായയെ പുലി കൊന്നിരുന്നു. ഇതേ സ്ഥലത്ത് വനപാലകർ പുലിക്ക് കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല. കൂടാതെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഒന്നിലധികം സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടും ദൃശ്യങ്ങൾ ലഭ്യമായില്ല. പിന്നീട് പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടും ശ്രമം വിഫലമായി.
ജനവാസ മേഖലയിലെ പുലി സാന്നിധ്യം നാട്ടുകാരിൽ ഭീതി വിതക്കുകയാണ്. പുതുപ്പരിയാരം, അകത്തേത്തറ എന്നീ പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങൾ, ധോണി, മൂലപ്പാടം എന്നിവിടങ്ങളിലാണ് ആവർത്തിച്ച് പുലി ഇറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.