ജനവാസ മേഖലയിൽ പുലി ഭീതി
text_fieldsപുതുപ്പരിയാരം കെ.എം.ആർ നഗറിൽ ഭാഗത്ത് കണ്ട മൃഗത്തിന്റെ കാൽപ്പാടുകൾ
പുതുപ്പരിയാരം: പ്രദേശം വീണ്ടും പുലിഭീതിയിൽ. പൂച്ചിറക്കടുത്ത് കെ.എം.ആർ നഗറിൽ കഴിഞ്ഞ ദിവസം രാത്രി പുലി ഇറങ്ങിയതായി പ്രദേശവാസി സംശയം പ്രകടിപ്പിച്ചതാണ് പുലിപ്പേടിക്ക് വഴിയൊരുക്കിയത്. അതേസമയം, പുലിയുടെ സാന്നിധ്യം തിരിച്ചറിയാൻ തക്ക തെളിവുകളൊന്നും അധികൃതർക്ക് ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുത പ്രതികരണ സേനയും പരിശോധന നടത്തിയെങ്കിലും മൃഗത്തിന്റേതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടെത്തിയിരുന്നു.
സംഭവസ്ഥലത്ത് കാട്ടുപൂച്ചയോ മറ്റോ എത്തിയതാവാമെന്നാണ് നിഗമനം. വെള്ളിയാഴ്ച രാത്രി 11 ഓടെ കെ.എം.ആർ നഗറിനടുത്ത് കുളത്തിന് സമീപം പുലിയെ കണ്ടതായാണ് നാട്ടുകാരിലൊരാൾ പറഞ്ഞിരുന്നത്. നഗറിൽനിന്ന് പുലി റെയിൽ പാളം മുറിച്ച് കടന്നതായി പറയുന്നു.
സ്ഥലത്ത് വനപാലകരും ജനപ്രതിനിധികളും ദീർഘനേരം പുലിയെ തേടി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മാസങ്ങൾക്ക് മുമ്പ് താണാവ് ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. പിന്നീട് പുലിയെ കണ്ടതുമില്ല. വന്യമൃഗശല്യം സാധ്യത പരിഗണിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.