നിരത്തുകളിൽ സുരക്ഷിതരാവട്ടെ കുട്ടികൾ
text_fieldsപാലക്കാട്: നീണ്ട ഇടവേളക്കുശേഷം വിദ്യാലയങ്ങൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനമുപയോഗിച്ചും സ്കൂൾ ബസുകളിലും വരുന്നതിനു പുറമെ നടന്നും സൈക്കിളിലും കുട്ടികൾ സ്കൂളുകളിലേക്ക് വരുന്നുണ്ട്. അതിനാൽതന്നെ, പൊതുനിരത്തുകളിൽ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. റോഡ് നിയമങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലാത്തവരും തിരിച്ചറിവ് ആയിട്ടില്ലാത്ത ചെറിയ കുട്ടികളും നിരത്തുകളിലുണ്ട്. മഴക്കാലമാവുന്നതോടെ കുട ചൂടി പോകുന്നവരുടെ എണ്ണവും കൂടും. സ്വാഭാവികമായും അപകട സാധ്യത വർധിക്കുന്നു. വീട്ടിൽനിന്നും സ്കൂളുകളിൽനിന്നും ആവശ്യമായ റോഡ് സുരക്ഷ നിർദേശങ്ങളും പരിശീലനവും കുട്ടികൾക്ക് നൽകുക പരമപ്രധാനമാണ്.
വാഹനം ഓടിക്കുന്നവർ സ്കൂൾ സമയങ്ങളിലും വിദ്യാലയ പരിസരങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുക്കണം. ടിപ്പർ വാഹനങ്ങൾ സ്കൂൾ സമയത്ത് നിരത്തിലിറക്കാതെ കൂടുതൽ ജാഗരൂകതയോടെ പ്രവർത്തിക്കണം.
സ്കൂൾ മേഖലയിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ, സീബ്രലൈനുകൾ എന്നിവ സ്ഥാപിച്ചുവെന്ന് ട്രാഫിക് പൊലീസ് ഉറപ്പുവരുത്തണം. സ്വകാര്യ ബസുകൾ കുട്ടികളെ വരിനിർത്തി കയറ്റുന്നതും ആട്ടിയകറ്റുന്നതുമായ സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാവണം. സ്കൂൾ മേഖലയിൽ വാഹനങ്ങളുടെ വേഗം മണിക്കൂറിൽ പരമാവധി 30 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. ഹെവി വാഹനങ്ങൾ ഓടിക്കുന്നവർക്ക് അഞ്ചു വർഷത്തെ പരിചയം ആവശ്യമാണ്.
സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റു കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് എന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തുകയും വേണം. സ്കൂളുകളുടെ ഉടമസ്ഥതയിൽ അല്ലാത്ത വാഹനങ്ങളിൽ, പ്രത്യേകിച്ച് ഓട്ടോകളിൽ കുട്ടികളെ കുത്തിനിറച്ച് അപകടകരമായ രീതിയിൽ കൊണ്ടുപോകുന്നതായ പരാതികൾ മുൻവർഷങ്ങളിൽ വ്യാപകമായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ ഉണ്ടാവണം.
കുട്ടികളെ കൊണ്ടുപോകുന്ന ഇത്തരം ട്രാൻസ്പോർട്ട് വാഹനങ്ങൾ വെള്ളപ്രതലത്തിൽ നീല അക്ഷരത്തിൽ 'ഓൺ സ്കൂൾ ഡ്യൂട്ടി' എന്ന ബോർഡ് പ്രദർശിപ്പിക്കണം.
മോട്ടോർ വാഹന വകുപ്പ് മാർഗനിർദേശങ്ങൾ
- സ്കൂൾ വാഹനങ്ങളിൽ സ്പീഡ് ഗവർണറുകൾ നിർബന്ധം
- ജി.പി.എസ് സംവിധാനം സ്കൂൾ വാഹനങ്ങളിൽ ഘടിപ്പിക്കുകയും സുരക്ഷമിത്ര സോഫ്റ്റ് വെയറുമായി ടാഗ് ചെയ്യുകയും വേണം
- വാതിലുകളിൽ ഡോർ അറ്റൻഡർമാർ നിർബന്ധം
- സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ
- ഒരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കരുത്
- യാത്ര ചെയ്യുന്ന കുട്ടികളുടെ വിശദാംശം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ പട്ടിക ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കണം
- വാതിലുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും ഉണ്ടായിരിക്കണം
- സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ്, ഫയർ എക്സിറ്റിങ്ഗ്യൂഷർ എന്നിവ വേണം
- സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോൺവെക്സ് ക്രോസ് വ്യൂ കണ്ണാടിയും വാഹനത്തിനകത്ത് റിയർവ്യൂ കണ്ണാടിയും ഉണ്ടായിരിക്കണം
- വാഹനത്തിന്റെ ജനലുകളിൽ താഴെ ഭാഗത്ത് നീളത്തിൽ കമ്പികൾ ഘടിപ്പിച്ചിരിക്കണം
- കൂളിങ് ഫിലിം/ കർട്ടൻ എന്നിവയുടെ ഉപയോഗം സ്കൂൾ വാഹനങ്ങളിൽ കർശനമായി ഒഴിവാക്കണം
- സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ച എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കണം
- വാഹനത്തിന്റെ പിറകിൽ ചൈൽഡ് ലൈൻ (1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോർ വാഹനവകുപ്പ് ഓഫിസ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.