Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആഘോഷമാക്കാം, സ്കൂൾ...

ആഘോഷമാക്കാം, സ്കൂൾ ആരംഭം

text_fields
bookmark_border
ആഘോഷമാക്കാം, സ്കൂൾ ആരംഭം
cancel

പാലക്കാട്: അധ്യയനാരംഭത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, അവസാനവട്ട ഒരുക്കത്തിലാണ് വിദ്യാലയങ്ങൾ. ക്ലാസ്മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കെട്ടിടങ്ങളുടെയും സ്കൂൾ വാഹനങ്ങളുടെയും ഫിറ്റ്നസുമായി ബന്ധപ്പെട്ട നടപടികളും നടന്നുവരുന്നു. വിരമിച്ച അധ്യാപകർക്ക് പകരം പുതിയ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. അതിനാൽ ക്ലാസുകളിൽ അധ്യാപകർ ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല. ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് ഈ ആഴ്ചയിറങ്ങും. ഉത്തരവിറങ്ങിയാലുടൻ നിയമന നടപടി ആരംഭിക്കും. എൽ.പി, യു.പി, ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശനം പുരോഗമിക്കുകയാണ്.

മുൻ വർഷങ്ങളിലേതിന് സമാനമായി ഈ വർഷവും കൂടുതൽ കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്നതിന്‍റെ സൂചനകളുണ്ട്. സൗകര്യങ്ങൾ കുറവുള്ള ചില സ്കൂളുകൾ ഉൾക്കൊള്ളാനാവാത്തതിൽ കൂടുതൽ കുട്ടികൾ എത്തിയതിനാൽ പ്രവേശനം തൽക്കാലം നിർത്തിവെച്ചു. പുതിയ അഡ്മിഷന്‍റെ കണക്കുകൾ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ എടുത്തുവരുകയാണ്. പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകുമെന്ന് ഡി.ഡി.ഇ പി. കൃഷ്ണൻ അറിയിച്ചു.

ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് 25 ലക്ഷം പുസ്തകമാണ് ആവശ്യമുള്ളത്. ഇതിൽ 20 ലക്ഷം പുസ്തകം എത്തിക്കഴിഞ്ഞു. ബാക്കിയുള്ളതും വന്നുകൊണ്ടിരിക്കുന്നു. ഉപജില്ലകളിലെ സ്കൂൾ സൊസൈറ്റികൾ വഴി പുസ്തക വിതരണം പുരോഗമിക്കുന്നു.

പാഠപുസ്തകത്തോടൊപ്പം സൗജന്യ യൂനിഫോമും വിതരണംചെയ്യുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഇത് എത്തിയിട്ടില്ല. മറ്റുചില ജില്ലകളിൽ യൂനിഫോം എത്തിയിട്ടുണ്ട്. ജില്ലയിലും ഉടൻ എത്തുമെന്നാണ് പ്രതീക്ഷ. കൈത്തറി യൂനിഫോമാണ് നൽകുന്നത്.

ഫിറ്റ്നസ് ഇല്ലാത്ത ഒരുവിദ്യാലയത്തിലും ജൂൺ ഒന്നിന് അധ്യയനം ആരംഭിക്കാനാവില്ല. കുട്ടികളുടെ സുരക്ഷ മുൻനിർത്തി മാത്രമേ ക്ലാസുകൾ തുടങ്ങാനാവൂ. പൊലീസ് ക്ലിയറൻസ് ലഭിച്ചവർക്ക് മാത്രമേ സ്കൂൾ വാഹനങ്ങളിൽ ഡ്രൈവർമാരായി നിയമിക്കാവൂ എന്ന നിർദേശം നൽകിയിട്ടുണ്ട്.

വൃത്തിയുള്ളതും ആരോഗ്യപരമായതുമായ ഭക്ഷണം മാത്രമേ കുട്ടികൾക്ക് നൽകാവൂ. ഇക്കാര്യം സ്കൂൾ മേലധികാരികൾ പരിശോധിച്ച് ഉറപ്പുവരുത്തണം. വിദ്യാലയത്തോട് ചേർന്ന് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകി. കോവിഡിനുശേഷം എത്തുന്ന പ്രവേശനോത്സവം ആഘോഷമാക്കാൻ തയാറെടുക്കുകയാണ്‌ സ്കൂൾ അധികൃതർ.

തിരക്കിലമർന്ന് വിപണി

അധ്യയനാരംഭം വർണാഭമാക്കാനുള്ള ഒരുക്കം സ്കൂൾ വിപണിയിലും പ്രകടം. കോവിഡിനെത്തുടർന്നുള്ള രണ്ടുവർഷത്തെ ഇടവേളക്കുശേഷം പുത്തൻ ബാഗും കുടയും നോട്ട്ബുക്കും പഠനോപകരണങ്ങളും കുട്ടികൾക്ക്‌ വാങ്ങിക്കൊടുക്കാനുള്ള തിരക്കിലാണ്‌ രക്ഷിതാക്കൾ.

പേപ്പറിന് വില കൂടിയതിനാൽ നോട്ട്ബുക്കുകൾക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില അൽപം കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു. മഴ നേരത്തേ തുടങ്ങിയതോടെ കുട വിൽപനയും തകൃതിയാണ്. പല വർണങ്ങളിലും കാർട്ടൂൺ കഥാപാത്രങ്ങൾ പ്രിന്‍റ് ചെയ്തതുമായ കുടകൾക്ക് ആവശ്യക്കാർ ഏറെയാണ്.

നോട്ട്ബുക്ക്‌, കുട, ബാഗ്‌, ചോറ്റുപാത്രം, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ്‌ ബോക്സ് തുടങ്ങിയവക്കായി ഒരുവിദ്യാർഥിക്ക്‌ 1500 രൂപയോളം ചെലവ്‌ വരുന്നുണ്ട്‌. ഇതിനുപുറമെ സ്കൂൾ യൂനിഫോമും വരും. മാവേലി സ്റ്റോറുകളും പീപ്പിൾസ്‌ ബസാറുകളുൾപ്പെടെയുള്ളവയിൽ സ്റ്റുഡന്‍റ് മാർക്കറ്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. പൊതുവിപണിയെക്കാൾ 15 മുതൽ 25 ശതമാനം വരെ വിലക്കുറവിലാണ്‌ സിവിൽ സപ്ലൈസിന്‍റെയും സഹകരണ സ്ഥാപനങ്ങളുടെയും വിൽപന. ഇത്‌ രക്ഷിതാക്കൾക്ക്‌ ഏറെ ആശ്വാസമാണ്‌.

വണ്ടികൾ 'ഫിറ്റാ'ണോ? പരിശോധന തുടങ്ങി

സ്കൂൾ തുറക്കലിന് മുന്നോടിയായി സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. ജില്ലയിൽ വിവിധ സബ് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസുകളുടെ നേതൃത്വത്തിലാണ്‌ പരിശോധന. മോട്ടോർ വാഹനവകുപ്പിന്റെയും ആർ.ടി.ഒ എൻഫോഴ്സ്മെന്റ്‌ സ്ക്വാഡിന്‍റെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യമൊരുക്കിയാണ് പരിശോധന.

മാർഗനിർദേശങ്ങളിൽ പ്രധാനം വേഗപ്പൂട്ടും ജി.പി.എസുമാണ്‌. കുട്ടികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും വെള്ളപ്രതലത്തിൽ നീല അക്ഷരത്തിൽ 'ഓൺ സ്കൂൾ ഡ്യൂട്ടി' എന്നെഴുതണം. വാതിലുകൾക്ക് എണ്ണത്തിന് തുല്യമായി ഡോർ അറ്റൻഡർ അല്ലെങ്കിൽ ആയമാർ നിർബന്ധം. ഡ്രൈവർമാർ വെള്ളഷർട്ടും കറുത്തപാന്‍റ്സും യൂനിഫോമായി ധരിക്കണം. സ്കൂളിന്‍റെ പേരും ഫോണും ഇരുവശത്തും വേണം. പിന്നിൽ ചൈൽഡ് ലൈൻനമ്പർ (1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (100), മോട്ടോർവാഹനവകുപ്പ് ഓഫിസ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം. വാഹനത്തിൽ സുരക്ഷവാതിലും പ്രഥമശുശ്രൂഷക്കിറ്റും വേണം. നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വാഹനങ്ങളും പരിശോധിക്കണം. സാധുവായ വാഹനങ്ങളിൽ ടെസ്‌റ്റഡ് ഒ.കെ സ്റ്റിക്കർ പതിക്കും.

ജില്ലതല പ്രവേശനോത്സവം കഞ്ചിക്കോട്ട്

പാലക്കാട്: സ്കൂൾ പ്രവേശനോത്സവത്തിന് ഒരുക്കം പൂർത്തിയായതായി ഡി.ഡി.ഇ പി. കൃഷ്ണൻ അറിയിച്ചു. ഇത്തവണ ജില്ലതല പ്രവേശനോത്സവം കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസിലാണ്.

ബ്ലോക്ക്, പഞ്ചായത്ത്, സ്കൂൾ തലങ്ങളിലും പ്രവേശനോത്സവങ്ങൾ നടക്കും. പുസ്തകവിതരണം ജൂൺ ഒന്നിന് മുമ്പുതന്നെ പൂർത്തിയാക്കും. നിർമാണം പൂർത്തിയായ ബിഗ്ബസാർ, നെന്മാറ, നൊച്ചുള്ളി സ്കൂളുകളിലെ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനം 30ന് ഓൺലൈനായി മുഖ്യമന്ത്രി നിർവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School
News Summary - Let's celebrate, school start
Next Story