ലൈഫ് മിഷന്‍: പാലക്കാട് പൂർത്തിയായത് 17,983 വീടുകള്‍
text_fieldsപാലക്കാട്: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയുടെ മൂന്നു ഘട്ടങ്ങളിലായി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 17,983 വീടുകള്‍. ഒന്നാംഘട്ടത്തില്‍ പരിഗണിച്ചത് വിവിധ വകുപ്പുകളുടെ ഭവനപദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു. അത്തരത്തിൽ 8090 വീടുകളാണ് കണ്ടെത്തിയത്.
പട്ടികവര്‍ഗ വകുപ്പ് മുഖേന 3456 വീടുകള്‍, നഗരസഭതലത്തില്‍ 396, ന്യൂനപക്ഷ ക്ഷേമവകുപ്പ് രണ്ട്, പട്ടികജാതി വകുപ്പ് 517, ഗ്രാമപഞ്ചായത്തുകള്‍ മുഖേന 733, ബ്ലോക്ക് പഞ്ചായത്തുകള്‍ 2476 എന്നിങ്ങനെ 7580 വീടുകളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്. ലൈഫ് മിഷെൻറ രണ്ടാംഘട്ടത്തില്‍ സർവേ നടത്തി സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരെ കണ്ടെത്തിയാണ് വീട് നിര്‍മിച്ചുനല്‍കിയത്.
13,117 വീടുകള്‍ കരാര്‍ വെച്ചതില്‍ 10,372 വീടുകളും പൂര്‍ത്തിയാക്കി. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർക്കായി അനുയോജ്യസ്ഥലത്ത് പാര്‍പ്പിടസമുച്ചയങ്ങളും വീടുകളും നിര്‍മിച്ചുനല്‍കുന്ന മൂന്നാം ഘട്ടത്തില്‍ ജനറല്‍ വിഭാഗത്തില്‍ 8167, ഒ.ബി.സി വിഭാഗത്തില്‍ 1232, എസ്.സി വിഭാഗത്തില്‍ 2024, എസ്.ടി-212 എന്നിങ്ങനെ 11,635 പേരെയാണ് അര്‍ഹരായി കണ്ടെത്തിയത്. അതില്‍ 420 വീടുകള്‍ക്ക് കരാര്‍ വെക്കുകയും 31 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യാനായതായി അധികൃതർ അറിയിച്ചു.
ആദ്യ പാർപ്പിടസമുച്ചയം വെള്ളപ്പനയിൽ
മൂന്നാം ഘട്ടത്തിലെ ആദ്യ പാര്‍പ്പിടസമുച്ചയം ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ വെള്ളപ്പന കോളനിയില്‍ കണ്ടെത്തിയ സ്ഥലത്ത് നിര്‍മാണം ആരംഭിച്ചു. 6.16 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. കൊടുമ്പ്, കരിമ്പ ഗ്രാമപഞ്ചായത്തുകളില്‍ പാര്‍പ്പിടസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ഇതിനോടകം അംഗീകാരം ലഭിച്ചിട്ടുണ്ട്. മൂന്നാംഘട്ട ഭവനനിര്‍മാണത്തിന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തിവരുന്നതായും ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു.
രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍, നിലവില്‍ ജീര്‍ണാവസ്ഥയിലുള്ള ഭവനങ്ങളുടെ പുനരുദ്ധാരണം എന്നിവയാണ് പദ്ധതിയുടെ നാലാം ഘട്ടത്തില്‍ നടപ്പാക്കുക. നാലാംഘട്ട അപേക്ഷകള്‍ സെപ്റ്റംബര്‍ ഒമ്പതുവരെ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.