മദ്യനയ അഴിമതി: യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി; സംഘർഷം
text_fieldsപാലക്കാട്: മദ്യനയ അഴിമതിയില്‍ ആരോപണ വിധേയനായ എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിന് നേരെ പൊലീസിന്റെ ജലപീരങ്കി പ്രയോഗം. വനിതാ പ്രവര്‍ത്തകയെ പൊലീസ് അസഭ്യം പറയുകയും ചെയ്തെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇത് അൽപനേരം സംഘര്‍ഷത്തിനിടയാക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു സംഭവങ്ങൾ. ഉദ്ഘാടന ശേഷം പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുന്നില്‍ തീര്‍ത്ത ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഏറെ സമയം കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് മാര്‍ച്ചിനെത്തിയ വനിത പ്രവര്‍ത്തകയെ പൊലീസ് അസഭ്യം പറഞ്ഞതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബഹളം വെച്ചത്.
യൂത്ത് കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ പുരുഷ പൊലീസിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പ്രകോപനമൊന്നുമില്ലാതിരുന്ന സമരത്തില്‍ പ്രശ്നം സൃഷ്ടിച്ചത് പൊലീസെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പൊലിസ് മനപൂർവം പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. വനിത പൊലീസ് നോക്കി നിൽക്കെയാണ് പുരുഷ പൊലീസ് അസഭ്യം പറഞ്ഞത്. പൊലീസിന്റെ പെരുമാറ്റദൂഷ്യത്തെ കുറിച്ച് കോടതിയില്‍ നിന്നും നിരന്തരം വിമര്ശനമുണ്ടാവുമ്പോഴാണ് തുടർച്ചയായി മാന്യതയില്ലാതെ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ല പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.കെ. ഫാറൂഖ്, പ്രതീഷ് മാധവന്, ഷഫീഖ് അത്തിക്കോട്, സി.വിഷ്ണു, അരുണ്‍ കുമാര്‍ പാലക്കുറുശ്ശി, വിനോദ് ചെറാട്, ജിതേഷ് നാരായണന്, അഡ്വ. സുബ്രഹ്മണ്യന്, എ.കെ.ഷാനിദ്, ജില്ല ഭാരവാഹികളായ ലിജിത് ചന്ദ്രന്, പി.ടി.അജ്മല്‍, ശ്യാം ദേവദാസ്, സതീഷ് തിരുവാലത്തൂര്, രതീഷ് പുതുശ്ശേരി, സനോജ്. കെ,ഷഫീഖ് തത്തമംഗലം, കെ.വത്സന്, അമ്പിളി, സുധ, ദിലീപ്. ടി, ബ്ലോക്ക് ഭാരവാഹികളായ ജയശങ്കര്‍, ജിഷില്‍, വിനോജ്, റിനാസ്, നസീര്‍, നവാസ്, ശ്രീകുമാര്‍, പി.എസ്.വിപിന്‍, സാജന്, മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.