കാട്ടുപന്നിയുടെ ആക്രമണത്തിൽ ബാലികക്ക് പരിക്ക്
text_fieldsകാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രാർഥന
തച്ചമ്പാറ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബാലികക്ക് പരിക്ക്. തച്ചമ്പാറ മുതുകുർശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിന്റെയും ബിൻസിയുടെയും മകൾ പ്രാർഥനക്കാണ് (ആറ്) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 8.30ന് ഉഴുന്നുപറമ്പിലായിരുന്നു ആക്രമണം. സഹോദരി കീർത്തനയെ സ്കൂൾ ബസിലേക്ക് കയറ്റി ബിൻസിയും പ്രാർഥനയും വീട്ടിലെക്ക് മടങ്ങി വരുന്നതിനിടെ കനാലിന്റെ മറുവശത്തെ കൃഷിയിടത്തിൽനിന്നും കനാൽ നീന്തി കടന്നെത്തിയ പന്നി ഇവരെ ഇടിച്ച് തെറിപ്പിച്ചു. ബിൻസിയുടെ കൈയിലുണ്ടായിരുന്ന കുട്ടി തെറിച്ചുവീഴുകയും വീണ കുട്ടിയെ പന്നി ആക്രമിക്കുകയുമായിരുന്നു.
കുഞ്ഞിനെയും ബിൻസിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതുകുറുശ്ശി കെ.വി.എ.എൽ.പി സ്കൂളിൽ യു.കെ.ജി വിദ്യാർഥിയാണ് പ്രാർഥന. കഴിഞ്ഞദിവസം സമീപ പ്രദേശമായ തെക്കുംപുറത്ത് കാട്ടുപന്നി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്കിടിച്ച് തൃക്കളൂർ അത്തിയംകാട്ടിൽ അർച്ചന (25), ശ്രീജിത്ത് (24) എന്നിവർക്കും പരിക്കേറ്റിരുന്നു. പ്രദേശത്തെ കാട്ടുപന്നി ശല്യത്തെ തുടർന്ന് പന്നികളെ വെടിവെച്ചു കൊല്ലാനുള്ള നടപടി സ്വീകരിച്ചതായി തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു പറഞ്ഞു. സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റും സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.