പെരുന്നാൾ വിപണിയിൽ പ്രതീക്ഷയോടെ കന്നുകാലി ചന്തകൾ
text_fieldsപാലക്കാട്/ഒറ്റപ്പാലം: ബലിപെരുന്നാൾ അടുത്തതോടെ ജില്ലയിലെ കാലിച്ചന്തകളും ഏറെ പ്രതീക്ഷയിൽ. കുഴൽമന്ദത്താണ് കന്നുകാലി വ്യാപാരം കൂടുതലായും നടക്കുന്നത്. ജില്ലയിൽ കുഴൽമന്ദത്തിനു പുറമെ വാണിയംകുളം, കോങ്ങാട്, അലനല്ലൂർ എന്നിവിടങ്ങളിലും ചന്തകൾ നടക്കാറുണ്ടെങ്കിലും കൂടുതൽ കാലികളെത്തുന്നത് കുഴൽമന്ദത്താണ്. സാധാരണ 100-120 ലോഡുകളാണെത്തുന്നതെങ്കിൽ ക്രിസ്മസ്, പെരുന്നാൾ സീസണുകളിൽ 400-500 ലോഡ് വരെ എത്താറുണ്ട്. ബലിപെരുന്നാളിന് അയൽജില്ലകളിൽനിന്നടക്കം ഉരുക്കൾ വാങ്ങാൻ നിരവധി പേരാണ് കുഴൽമന്ദം, വാണിയംകുളം ചന്തകളിലെത്തുന്നത്. കുഴൽമന്ദത്ത് ശനിയാഴ്ചയും വാണിയംകുളത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും കോങ്ങാട് തിങ്കളാഴ്ചയുമാണ് ചന്ത.
വാണിയംകുളത്ത് ഇത്തവണ മേനിയഴകും ശൂരതയുമുള്ള നാടൻ കന്നുകൾ ഏറെയെത്തി. 700-900 കിലോ തൂക്കമുള്ള കൂറ്റൻ പോത്തുകളും ഇവക്കിടയിൽ കൗതുക കാഴ്ചയാണ്. മോഹവിലക്കായിരുന്നു ഇവയുടെ കച്ചവടം. ചന്തക്ക് സമീപമുള്ള വിശാലമായ ഗ്രൗണ്ടിലായിരുന്നു നാടൻ കന്നിനങ്ങളുടെ കച്ചവടം. കച്ചവടക്കാരും ബ്രോക്കർമാർ വാങ്ങാനെത്തുന്നവരും വാഹനങ്ങളുമായി നിന്ന് തിരിയാൻ ഇടമില്ലത്ത അവസ്ഥയിലായിരുന്നു ചന്ത ഗ്രാമം. ആന്ധ്ര, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായി 60ഓളം ലോറികളാണ് കന്നുകളുമായി ചന്ത ദിവസം വാണിയംകുളത്തെത്തിയതെന്ന് കാറ്റിൽ മർച്ചൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി യൂസുഫ് പറഞ്ഞു.
ചന്തകളിൽ പ്രാഥമിക സൗകര്യങ്ങളടക്കം ഇല്ലാത്തത് കാലങ്ങളായി ഇവിടെയെത്തുന്നവർക്ക് ദുരിതം തീർക്കുന്നുണ്ട്. ബലിപെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ കാലിച്ചന്തകളിൽ കോടികളുടെ കച്ചവടമാണ് നടക്കാറ്. ഇത്തവണയും പതിവ് തെറ്റില്ലെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കന്നുകാലി കച്ചവടക്കാർ.
700 കിലോയുള്ള പോത്തിനെ വിറ്റത് മൂന്ന് ലക്ഷത്തിന്
ഒറ്റപ്പാലം: വ്യാഴാഴ്ച നടന്ന വാണിയംകുളം ചന്തയിൽ 700 കിലോ തൂക്കം വരുന്ന പോത്തിനെ വിറ്റത് മൂന്ന് ലക്ഷം രൂപക്ക്. മറ്റൊരു ഇടപാടിൽ രണ്ട് പോത്തിന് ലഭിച്ച വില നാല് ലക്ഷം. ഇറച്ചി വില കണക്കാക്കി പോത്തിനെ വിൽക്കുന്ന പതിവ് ബലിപെരുന്നാളോടനുബന്ധിച്ച് നടക്കുന്ന ചന്തയിൽ പതിവില്ല. ഉദുഹിയ്യത്തിന് ലക്ഷണമൊത്ത ഉരുവിനെ കണ്ടെത്തിയാൽ പറഞ്ഞ വില നൽകി അത് സ്വന്തമാക്കുകയാണ് ചെയ്യാറ്. അധ്വാനമേറെയുണ്ടെങ്കിലും മെച്ചപ്പെട്ട ആദായം ലഭിക്കുമെന്ന ഉറപ്പിൽ പോത്ത് വളർത്തൽ മേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നുണ്ട്. ചെറിയ വിലക്ക് പോത്തിൻ കുട്ടികളെ വാങ്ങി വളർത്തി വലുതാക്കിയ ശേഷമാണ് വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.