തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തച്ചമ്പാറയിലും ചാലിശ്ശേരിയിലും യു.ഡി.എഫ്; കൊടുവായൂരിൽ എൽ.ഡി.എഫ്
text_fieldsകോഴിയോട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച
അലി തെക്കത്ത്, ചാലിശ്ശേരി ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കെ. സുജിത, കോളോട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച
എ. മുരളീധരൻ എന്നിവർ
തച്ചമ്പാറ: ഗ്രാമപഞ്ചായത്തിലെ കോഴിയോട് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. യു.ഡി.എഫിലെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിച്ച അലി തെക്കത്ത് 28 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. യു.ഡി.എഫിന് 482 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫിലെ സി.പി.ഐയുടെ ചാണ്ടിതുണ്ടു മണ്ണിലിന് 454 ഉം ബി.ജെ.പിയുടെ രവീന്ദ്രന് 40 വോട്ടും ലഭിച്ചു. ഇതോടെ എൽ.ഡി.എഫ് ഭരണ സമിതിക്ക് തച്ചമ്പാറ പഞ്ചായത്തിൽ ഭൂരിപക്ഷം നഷ്ടമായി.
പഞ്ചായത്ത് അംഗമായിരുന്ന ജോർജ് തച്ചമ്പാറ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വർഷങ്ങളായി എൽ.ഡി.എഫ് പ്രതിനിധികൾ മാത്രം ജയിച്ച വാർഡാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. നാലാം വാർഡിനെ പ്രതിനിധീകരിക്കുന്ന കോഴിയോട് ആകെയുള്ള 1152 വോട്ടർമാരിൽ 976 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നിലവിൽ എൽ.ഡി.എഫിന് സ്വതന്ത്രൻ അബൂബക്കർ മുച്ചീരിപ്പാടം ഉൾപ്പെടെ ഏഴ് പ്രതിനിധികളാണ് തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതിയിലുള്ളത്.
15 അംഗ ഭരണസമിതിയിൽ മുസ്ലിം ലീഗിന്റെ പ്രതിനിധിയുൾപ്പെടെ യു.ഡി.എഫിന് എട്ട് അംഗങ്ങളുടെ പിൻബലമുണ്ട്. ഭൂരിപക്ഷം നഷ്ടമായ പശ്ചാത്തലത്തിൽ എൽ.ഡി.എഫിലെ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി സ്വയം രാജി സമർപ്പിക്കാൻ നിർബന്ധിത സാഹചര്യം സംജാതമായി. രാജിവെക്കാത്തപക്ഷം അവിശ്വാസ പ്രമേയത്തിലൂടെ ശക്തി തെളിയിക്കേണ്ടി വരും. വരും നാളുകളിൽ തച്ചമ്പാറ പഞ്ചായത്തിൽ ഭരണമാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കൊടുവായൂർ: കോളോട് പതിമൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എ. മുരളീധരൻ വിജയിച്ചു. 108 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രദേശത്തെ പഞ്ചായത്തംഗം കുട്ടുമണി നിര്യാതനായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. മുരളീധരൻ ആകെ നേടിയ വോട്ട് 535. ബി.ജെ.പിയിലെ എൻ. രാജശേഖരൻ 427 വോട്ടുകൾ നേടി. കോൺഗ്രസിലെ കെ. മുരളീധരൻ 145 വോട്ടുകൾ നേടി. ആറ് സ്ഥാനാർഥികളാണുണ്ടായിരുന്നത്. എൽ.ഡി.എഫ് കൊടുവായൂരിൽ വിജയാഹ്ലാദ പ്രകടനം നടത്തി.
കൂറ്റനാട്: ചാലിശ്ശേരി ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. സുജിത 479 വോട്ടുകൾ നേടി വിജയിച്ചു. 104 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി സന്ധ്യ സുനിൽകുമാറിന് 375 വോട്ടുകൾ ലഭിച്ചു. ഒമ്പതാം വാർഡ് മുൻ അംഗമായിരുന്ന എ.വി. സന്ധ്യ പാർട്ടി തീരുമാനത്തെ എതിർത്ത് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ അനിശ്ചിതത്തിലായിരുന്ന ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യു.ഡി.എഫ് തന്നെ നിലനിർത്തും. എല്‍.ഡി.എഫ് അധീനതയിലായിരുന്ന പഞ്ചായത്തില്‍ പത്തുവർഷമായി യു.ഡി.എഫ് ഭരണസമിതിയാണ് ഭരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.