ജൽജീവൻ പദ്ധതി വെള്ളവും കാത്ത് നാട്ടുകാർ
text_fieldsകോട്ടായി ജൽജീവൻ മിഷൻ പദ്ധതിക്കായി നിർമിച്ച ജലസംഭരണി
കോട്ടായി: പഞ്ചായത്തിൽ മൂന്നുവർഷം മുമ്പ് പണി തുടങ്ങിയ ജൽജീവൻ മിഷന്റെ ജലവിതരണത്തിനായി കാത്തിരിപ്പ് നീളുന്നു. വിതരണം എന്ന് നടത്തുമെന്നതിൽ പഞ്ചായത്ത് അധികൃതർക്കോ ജൽജീവൻ മിഷൻ അധികൃതർക്കോ വ്യക്തതയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 52.5 കോടി രൂപ ചെലവഴിച്ചാണ് കോട്ടായി പഞ്ചായത്തിൽ പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം സർക്കാർ മൃഗാശുപത്രി കോമ്പൗണ്ടിൽ കൂറ്റൻ ടാങ്ക് പണി തുടങ്ങിയിട്ട് വർഷങ്ങളായി. ഭാരതപ്പുഴയിലെ മുട്ടിക്കടവിൽ വലിയ കിണറും നിർമിച്ചിട്ടുണ്ട്. വീടുകളിൽ വാട്ടർ കണക്ഷൻ എന്ന പേരിൽ പൈപ്പുകൾ സ്ഥാപിച്ചത് വർഷങ്ങളുടെ പഴക്കത്തിൽ നാശമായിത്തുടങ്ങിയിട്ടുണ്ട്.
ജലവിതരെണം എന്നുണ്ടാകുമെന്ന് ചോദിച്ചാൽ ഉടനെ എന്ന മറുപടി നിരന്തരമായി കേൾക്കുകയല്ലാതെ നടപടിയില്ല. പൈപ്പുകൾ സ്ഥാപിക്കാനെന്ന പേരിൽ ഗ്രാമീണ റോഡുകളുടെ വശങ്ങളിൽ ചാലു കീറി വലിയ ഗർത്തമായത് യാത്രക്കാരെ അക്ഷരാർത്ഥത്തിൽ ദുരിതത്തിലാക്കി. ഇതിൽ വാഹനങ്ങൾ കുടുങ്ങുന്നത് ഇവിടെ പതിവാണ്.
പ്രതാപകാലത്തിന്റെ ഓർമകളുമായി സുൽത്താൻപേട്ടയിലെ ജലസംഭരണി
പാലക്കാട്: പതിറ്റാണ്ടുകളോളം നഗരവാസികളുടെ ദാഹശമനിയായിരുന്ന സുൽത്താൻ പേട്ടയിലെ ജലസംഭരണി അവഗണനയിൽ. സുൽത്താൻപേട്ട സ്റ്റേഡിയം റോഡിൽ മാതാകോവിൽ റോഡിനോട് ചേർന്നാണ് പാലക്കാട്ടെ പ്രഥമ ജലസംഭരണിയുള്ളത്. ആദ്യകാലങ്ങളിൽ നഗരത്തിലെ ജനവാസ മേഖലകളിലേക്ക് ശുദ്ധജല വിതരണം നടത്തിയിരുന്നത് ഇതിൽനിന്നായിരുന്നു. ജലസംഭരണിയിൽ വെള്ളം നിറക്കാനായി സമീപത്ത് കിണറും മോട്ടോർ പുരയുമുണ്ടായിരുന്നു.
നഗരത്തിലേക്ക് മലമ്പുഴ ഡാമിൽ നിന്നുള്ള ജലം വിതരണം ചെയ്യുന്നതിന് മുമ്പേ സുൽത്താൻപേട്ടയിലുള്ള ജലസംഭരണിയിൽ നിന്നുള്ള വെള്ളമായിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാൽ, പിൽക്കാലത്ത് മൂത്താന്തറയിലും കൽമണ്ഡപത്തും ഭീമൻ ജലസംഭരണികൾ വന്നതോടെ സുൽത്താൻപേട്ടയിലെ ജലസംഭരണിയിൽ നിന്നുള്ള ജലവിതരണം നിർത്തുകയായിരുന്നു.
ജലസംഭരണിയുടെ പ്രവർത്തനം നിലച്ചതോടെ വൈദ്യുതി ബില്ലും കുടിശ്ശികയായപ്പോൾ വൈദ്യുതി ബന്ധവും വിഛേദിച്ചു. സമീപത്തെ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബാൾ ടൂർണമെന്റും സർക്കസുമെല്ലാം നടക്കുന്ന സമയങ്ങളിൽ ഈ ജലസംഭരണിയിൽനിന്ന് വെള്ളം നൽകിയിരുന്നെന്ന് പഴമക്കാർ പറയുന്നു. ജലസംഭരണിയുടെ പ്രവർത്തനം നിലച്ചതോടെ സമീപത്തെ മോട്ടോർ പുരയും നാമാവശേഷമായി. കാലപ്പഴക്കമുള്ള ജലസംഭരണി ഇപ്പോൾ അപകടഭീഷണി നേരിടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.