റെയിൽവേ അടിപ്പാത നിർമാണത്തിന് നാട്ടുകാർ പിരിവെടുത്ത് ഭൂമി വാങ്ങി
text_fieldsപറളി: പതിറ്റാണ്ടുകളായി യാത്രമാർഗമില്ലാതെ ദുരിതത്തിലായ നാട്ടുകാർ അവസാനം പിരിവെടുത്ത് കാര്യസാധ്യത്തിന് മുന്നിട്ടിറങ്ങി. പറളി തേനൂർ വട്ടപ്പള്ളം റെയിൽവേ അടിപ്പാതയുടെ ഭാഗമായുള്ള അപ്രോച്ച് റോഡിന് സ്ഥലം വാങ്ങാനാണ് നാട്ടുകാർ ഇറങ്ങി പിരിവെടുത്ത് ഫണ്ട് ശേഖരിച്ചത്. അപ്രോച്ച് റോഡിന്റെ നിർമാണത്തിന് തുക അനുവദിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. കെ. ശാന്തകുമാരി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. നേരത്തേ കെ.വി. വിജയദാസ് എം.എൽ.എയായിരുന്ന സമയത്ത് ഫണ്ട് അനുവദിച്ചെങ്കിലും റോഡിന് ആവശ്യമായ സ്ഥലം ലഭിക്കാതെ ഫണ്ട് നഷ്ടപ്പെടുകയായിരുന്നു.
തേനൂർ വട്ടപ്പള്ളം നിവാസികളുടെ ദീർഘകാല ആവശ്യമാണ് അടിപ്പാത. നിർമാണത്തിനാവശ്യമായ തുക ആവശ്യപ്പെട്ട് ജനങ്ങൾ പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും പരാതി നൽകിയെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും കെ.വി. വിജയദാസ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് വട്ടപ്പള്ളം അടിപ്പാത നിർമാണത്തിനാവശ്യമായ തുക സംസ്ഥാന സർക്കാർ റെയിൽവേക്ക് കൈമാറിയതെന്നും പറയുന്നു. 2020 സെപ്റ്റംബറിലാണ് തുക കൈമായത്. ആറു മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുമെന്ന് റെയിൽവേ സർക്കാറിന് ഉറപ്പുനൽകിയതായി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കെ. ശാന്തകുമാരി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് റെയിൽവേ അടിപ്പാത നിർമാണം കാലതാമസം കൂടാതെ ആരംഭിച്ചത്.
പ്രസിഡന്റ് കെ. രേണുക ദേവി, പഞ്ചായത്ത് സെക്രട്ടറി ഒ.എ. ബാബു എന്നിവർ ചേർന്ന് അടിപ്പാത നിർമാണ സ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ടി. ജയപ്രകാശ്, പറളി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ടി. സുരേഷ് കുമാർ, പഞ്ചായത്തംഗം ബിന്ദു, റോഡ് വികസന സമിതി ഭാരവാഹികളായ ചന്ദ്രൻ, സുമേഷ്, രവി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.