സ്ഥാനാർഥിക്കൊപ്പം; നാടിൻ മനസ്സറിഞ്ഞ് വിജയരാഘവൻ
text_fieldsകോങ്ങാട്: ഓരോ ഗ്രാമവീഥികൾ പിന്നിടുമ്പോഴും പതിന്മടങ്ങ് ആവേശം നിറച്ച് മുന്നേറുകയാണ് എ. വിജയരാഘവൻ. വേനൽച്ചൂടിന്റെ തീക്ഷ്ണതക്കിടയിലും വാടിത്തളരാത്ത മുഖപ്രസാദവുമായാണ് പാലക്കാട് ലോക്സഭ മണ്ഡലം സ്ഥാനാർഥിയായ അദ്ദേഹം ഓരോ സ്വീകരണ കേന്ദ്രങ്ങളിലുമെത്തുന്നത്. വോട്ടർമാരോട് കാര്യമായി പറയുന്ന ഒരു വസ്തുത ഇതാണ് -‘‘മോദിയുടെ ചാക്കിൽ കയറാത്ത ഒരു കൂട്ടരുണ്ടിവിടെ, അവരാണ് ഇടതുപക്ഷം. നിങ്ങൾക്കെന്നെ സഹായിക്കാനാവും. നാടിന്റെ പ്രശ്നങ്ങൾ പറയാനും പരിഹാരം കാണാനും വോട്ട് തരണം’’.
നഗരവീഥികളിൽ ആളനക്കം തുടങ്ങും മുമ്പ് പാലക്കാട്ടെ താമസസ്ഥലത്തുനിന്ന് കാറിലേറി കോങ്ങാടും കരിമ്പ പഞ്ചായത്തും കിന്നാരം പറയുന്ന ഇരട്ടക്കലിൽ പര്യടനത്തുടക്കത്തിനൊരുങ്ങുമ്പോൾ വഴിയിലുടനീളം പുരുഷാരവും സ്ത്രീ ജനങ്ങളും. അഭിവാദ്യം ചെയ്തും സ്നേഹഭാഷണം നടത്തിയും കുട്ടികളെ ലാളിച്ചും മനം കവർന്ന സ്ഥാനാർഥിയെ തുപ്പനാട് ചെറുള്ളിയിൽ തലപ്പാവണിഞ്ഞാണ് വരവേറ്റത്. ചെണ്ടമേളയുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കുമ്പോൾ കെ. ശാന്തകുമാരി എം.എൽ.എയുടെ അര മണിക്കൂർ നീണ്ട പ്രസംഗം കഴിയാറായി. സ്ഥാനാർഥിയെ അനുഗമിച്ച് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി നേതാക്കളായ പി.എ. ഗോകുൽദാസും പി. അബ്ദുറഹ്മാനും സി.പി.എം മുണ്ടൂർ ഏരിയ കമ്മിറ്റി സെക്രട്ടറി സി.ആർ. സജീവും.
ഓരോ കേന്ദ്രങ്ങളിലും മാങ്ങയും ചക്കയും കൊന്നപ്പൂവും കൈമാറി നാടിന്റെ സ്നേഹം ചൊരിയാൻ കർഷകരും യുവാക്കളും. തിരക്കിനിടയിലേക്ക് ഓടിയെത്താൻ പറ്റാത്ത വയോധികരോടും കുശലാന്വേഷണം നടത്തുന്ന വിജയരാഘവന് ചൂടിന് ആശ്വാസം പകരാൻ തിളപ്പിച്ചാറ്റിയ വെള്ളം. കോമ്പോടയിലെ തിങ്ങിനിറഞ്ഞ സദസ്സിനോട് പറഞ്ഞു -‘‘വെയിലത്തുനിന്ന് മാറി നമുക്ക് സംസാരിക്കാം. അർഹമായത് ചോദിക്കാനും അവഗണനക്കെതിരെ പോരാടാനും നമുക്ക് ഒരാൾ വേണ്ടെ?’’ ഓരോ പര്യടന കേന്ദ്രങ്ങളിലും അളന്നുമുറിച്ചുള്ള വാക്കുകൾ. അടുത്ത കേന്ദ്രത്തിലേക്ക് പോകുമ്പോൾ എല്ലാവരെയും ചേർത്തുപിടിച്ച് ഒരു ഗ്രൂപ്പ് പടമെടുപ്പ്. കൈവീശി യാത്ര പറയുമ്പോഴും പുഞ്ചിരി മായുന്നില്ല.
കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലെ സന്ദർശനം പൂർത്തിയാക്കി മുതുകുർശ്ശി അമ്പലപ്പടിയിലെത്തുമ്പോൾ നല്ലൊരു ജനക്കൂട്ടം വാക്കോടൻ താഴ്വരയിലെ ആൽമരച്ചുവട്ടിൽ സ്ഥാനാർഥിയെ വരവേൽക്കാനൊരുങ്ങി നിന്നിരുന്നു. ഭക്ഷണത്തിനും വിശ്രമത്തിനും തിരക്ക് വഴിമാറുമ്പോൾ സമയം ഉച്ച 12.30 പിന്നിട്ടിരുന്നു. വിശ്രമവേളയിൽ പത്രവായന. സഹപാഠി മലപ്പുറം മേൽമുറി മുഹമ്മദലിയും കൂട്ടുകാരും കാണാനെത്തിയതോടെ അവരോടൊപ്പം അൽപനേരം. ശുദ്ധ വെജിറ്റേറിയൻ ഭക്ഷണവും ചൂടുവെള്ളവും തന്നെയാണ് മേടച്ചൂടിലും പവറെന്ന് പറയുന്നു വിജയരാഘവൻ. മുതുകുർശ്ശി തോടങ്കുളത്തെ സോപാനത്തിലെ വിശ്രമശേഷം നേരെ കാരാകുർശ്ശി പഞ്ചായത്തിലെ വാഴമ്പുറത്ത് എത്തുമ്പോൾ ഉച്ചവെയിൽ മറഞ്ഞിരുന്നു. ചുവന്ന ഹാരമണിയിക്കാൻ യുവസഞ്ചയം ഓടിയെത്തി. അയ്യപ്പൻകാവിലെ സ്വീകരണ കേന്ദ്രത്തിൽ പടക്കം പൊട്ടിച്ച് സ്ഥാനാർഥിയുടെ വരവ് അറിയിച്ചു. കാവിൻപടിയിൽ സ്ഥാനാർഥിയുടെ ഛായാചിത്രം ആലേഖനം ചെയ്ത പ്ലക്കാർഡേന്തിയ സ്ത്രീകളും യുവജനങ്ങളും. തൊപ്പിക്കുട ചൂടി വരവേൽപ്.
മുണ്ടേക്കരാട് സ്വീകരണ കേന്ദ്രത്തിലെത്തുമ്പോൾ ചൂടിന് കുളിരായി വേനൽമഴ. മഴ തോരാറായപ്പോൾ നന്ദി പറഞ്ഞ് മടങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ നാട്ടുവഴികൾ താണ്ടി കാഞ്ഞിരപ്പുഴയിലെ വിയ്യക്കുർശ്ശിയിലെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. പകലോൻ മറിഞ്ഞിട്ടും കോങ്ങാട് നിയോജക മണ്ഡലത്തിലെ സ്വീകരണ യോഗങ്ങൾ തീർന്നിരുന്നില്ല. കാഞ്ഞിരപ്പുഴയിലെ പര്യടനം തീർത്ത് തൃക്കളൂരിൽനിന്ന് മടങ്ങുമ്പോൾ രാത്രി എട്ടര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.