128 പ്രശ്ന ബാധിത ബൂത്തുകള്‍
text_fieldsപാലക്കാട്: ജില്ലയില്‍ 128 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിലേക്ക് 71 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കോങ്ങാട് മണ്ഡലത്തില്‍ ആറ്, മണ്ണാര്‍ക്കാട് 53, മലമ്പുഴ 28, ഷൊര്‍ണൂര്‍ എട്ട്, ഒറ്റപ്പാലം നാല്, പാലക്കാട് ഏഴ്, തരൂര്‍ 12, നെന്മാറ 10 വീതം ബൂത്തുകളാണ് ഇത്തരത്തിലുള്ളത്. 58 മാവോയിസ്റ്റ് ഭീക്ഷണിയുള്ളതും 70 പ്രശ്നബാധിത ബൂത്തുകളുമായി ഇവയെ തിരിച്ചിട്ടുണ്ട്.
3000 പൊലീസുകാർ
ജില്ലയിലാകെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 3000ലധികം പൊലീസുദ്യോഗസ്ഥര്‍, 2000 സ്പെഷല്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിവരെയും സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സിനെയും നിയോഗിച്ചു.
കമ്യൂണിക്കേഷന്‍ കണ്ട്രോള് റൂം
പോളിങ് ദിനം വരണാധികാരികളുടെ നേതൃത്വത്തില്‍ കമ്യൂണിക്കേഷന്‍ കണ്ട്രോള് റൂം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കും. 12 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ഓരോ മണിക്കൂറിലുമുള്ള പോളിങ് ശതമാനം യഥാസമയം അപ്ലോഡ് ചെയ്യുന്നത് ഉള്‍പ്പടെ ജില്ലയിലെ പോളിങുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിരീക്ഷിക്കും. കമ്യൂണിക്കേഷന്‍ കണ്ട്രോള് റൂമിന് കീഴില്‍ എ.എസ്.ഡി(ആബ്സെന്റീ, ഷിഫ്റ്റഡ്, ഡെഡ്)മോണിറ്ററിങ്, മീഡിയ, ഇ.വി.എം മോണിറ്ററിങ് കണ്ട്രോള് റൂമുകളും പ്രവര്‍ത്തിക്കും.
കള്ളവോട്ട് തടയും
തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ എ.എസ്.ഡി മോണിറ്റര്‍ ആപ്ലിക്കേഷനിലൂടെ നിരീക്ഷിക്കും. ആപ്പിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് കലക്ടറേറ്റില്‍ ജില്ലാതല മോണിറ്ററിങ് സംവിധാനം പ്രവര്‍ത്തിക്കും. 15 പേരടങ്ങുന്ന സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ആപ്പിലൂടെ ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാകും.
വാര്‍ത്തകള്‍ നിരീക്ഷിക്കും
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന പെയ്ഡ് വാര്‍ത്തകളും സര്‍ട്ടിഫിക്കേഷനില്ലാത്ത പ്രചാരണപരസ്യങ്ങളും നിരീക്ഷിക്കാന്‍ 24 മണിക്കൂര്‍ മീഡിയ സര്ട്ടിഫിക്കേഷന് മോണിറ്ററിങ് സെല്‍(എം.സി.എം.സി.) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്നു. പെയ്ഡ് ന്യൂസും പരസ്യങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ 0491 2910228 ല്‍ അറിയിക്കാം.
എല്ലാ ബൂത്തുകളും ഹരിതചട്ടം പാലിക്കും
തെരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ ഹരിതചട്ടം പാലിച്ചാണ് പോളിങ് ബൂത്തുക്കള്‍ സജ്ജീകരിച്ചത്. ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളും ഹരിതചട്ട പ്രകാരം പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിർദേശങ്ങള്‍ കലക്ടര്‍ നല്‍കിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത വസ്തുക്കള്‍(ഡിസ്പോസബിള്‍ ഗ്ലാസ്സുകള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക്, കുപ്പിവെള്ളം, പ്ലാസ്റ്റിക് കവറുകള്‍ മുതലായവ) പോളിങ് ബൂത്തില്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
വോട്ടെടുപ്പ് ദിനം വൈദ്യസഹായം
വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തുകള്‍ കേന്ദ്രീകരിച്ച് ജില്ല മെഡിക്കല്‍ ഓഫിസിന്റെ വൈദ്യസഹായം ലഭ്യമാകും. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും 26ന് പ്രസ്തുത സാമഗ്രികളുടെ സ്വീകരണ കേന്ദ്രങ്ങളിലും അടിയന്തര വൈദ്യ സഹായത്തിനായി ഒരോ നഴ്സും നേഴ്സിങ് അസിസ്റ്റന്റും ഉള്‍പ്പെടുന്ന പാരാമെഡിക്കല്‍ സംഘത്തിന്റെ സേവനവും അവശ്യ മരുന്നുകളുടെ മെഡിക്കല്‍ കിറ്റും ഉണ്ടാകും. അത്യാവശ്യഘട്ടത്തില്‍ പോളിങ് ബൂത്തുകളില്‍ ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കും.
പോളിങ് ഉദ്യോഗസ്ഥര്‍ 10,152
ജില്ലയില്‍ 12 നിയോജക മണ്ഡലങ്ങളിലായി 10152 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 2538 പ്രിസൈഡിങ് ഓഫീസര്‍മാരും 2538 ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും ഉള്‍പ്പെടും. പുറമെ ഒരു ബൂത്തില്‍ രണ്ട് പോളിങ് ഓഫീസര്‍ എന്ന കണക്കില്‍ 5076 പോളിങ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.