ഇടതാധിപത്യത്തിലും തരൂരിൽ 2019 ആവർത്തിക്കാൻ യു.ഡി.എഫ്
text_fieldsതരൂർ: മണ്ഡലം പുനർനിർണയ ഭാഗമായി 2008ൽ രൂപവത്കരിച്ച പട്ടികജാതി സംവരണ മണ്ഡലമാണ് തരൂർ. കുഴൽമന്ദം, ആലത്തൂർ നിയോജകമണ്ഡലങ്ങളിലെ ചില പഞ്ചായത്തുകൾ അടർത്തിമാറ്റിയാണ് തരൂർ മണ്ഡലം രൂപവത്കരിച്ചത്.
കാർഷിക ഗ്രാമമായ മണ്ഡലം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഒഴികെ ഇടതാധിപത്യത്തിനാണ് സാക്ഷ്യം വഹിച്ചത്. കൃഷിയെ അടിസ്ഥാനമാക്കിയാണ് നിത്യനിദാനങ്ങൾ കഴിഞ്ഞുപോകുന്നത്. കാർഷിക മേഖലയിൽ സംഭവിക്കുന്ന ഓരോ ചലനങ്ങളും മണ്ഡലത്തിലെ ജനം തൊട്ടറിയും. നെല്ല് സംഭരണവും മറ്റും പ്രധാന വിഷയമാണ്. കാർഷിക മേഖലയിലെ മുരടിപ്പ് മാറ്റാൻ തക്ക പരിപാടികൾ ആവിഷ്കരിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന് വിമർശനവും ഉയരുന്നു. വടക്കഞ്ചേരിയാണ് മണ്ഡലത്തിലെ നഗരപ്രദേശമായി ആറിയപ്പെടുന്നത്. മണ്ഡലത്തിലെ പെരുങ്ങോട്ടുകുറുശ്ശി, കുത്തനൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്. കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനും. മണ്ഡലത്തിൽ ഉൾപ്പെട്ട ആലത്തൂർ, കിഴക്കഞ്ചേരി, തരൂർ, കോട്ടായി ജില്ല ഡിവിഷനുകൾ എൽ.ഡി.എഫിനൊപ്പമാണ്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഡിവിഷനിലും കുഴൽമന്ദത്തെ ഒന്നൊഴികെയുള്ള ഡിവിഷനുകളിലും ഇടത് സ്ഥാനാർഥികളാണ് വിജയിച്ചത്. ഇവയുടെ സ്വാധീനം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കാൻ കഴിഞ്ഞു. എന്നാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം നേടിയെടുക്കാൻ കഴിഞ്ഞു. നിലവിലെ എം.പികൂടിയായിരുന്ന പി.കെ. ബിജുവിനെ 24839 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിൽ രമ്യഹരിദാസ് തോൽപ്പിച്ചത്.
അത് ഈ പ്രാവശ്യവും ആവർത്തിക്കാനുള്ള പ്രചരണപ്രവർത്തനങ്ങളാണ് യു.ഡി.എഫ് ക്യാമ്പിൽ നടക്കുന്നത്. വോട്ട് ശതമാനം വർധപ്പിക്കാനാവുമെന്ന കണക്കൂട്ടലിൽ എൻ.ഡി.എ സ്ഥാനാർഥി സരസുവും രംഗത്തുണ്ട്. കഴിഞ്ഞ തവണ ആയിരത്തിൽ താഴെ വോട്ട് നേടിയ ബി.എസ്.പി ഈ പ്രാവശ്യവും മത്സര രംഗത്തുണ്ട്. ഹരി അരുമ്പിൽ ആണ് ബി.എസ്.പി സ്ഥാനാർഥി.
അതേസമയം, നിയമസഭയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇടതിന് അനുകൂലമായിട്ടും 2019ൽ ഇടതിനെ കൈവിട്ട മണ്ഡലം രാധാകൃഷ്ണനിലൂടെ തിരികെ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 51.58 ശതമാനം വോട്ടാണ് സുമോദ് നേടിയത്. 32.9 ശതമാനം യു.ഡി.എഫിലെ കെ.എ. ഷീബയും, 14.06 ശതമാനം എൻ.ഡി.എ സ്ഥാനാർഥി കെ.പി. ജയപ്രകാശനും നേടി. ബി.ജെ.പിയുടെ വോട്ട് മണ്ഡലത്തിൽ വർധിക്കുന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.